കോട്ടയം: ആറ് സൂപ്പർ സ്‌പെഷ്യാലിറ്റികളും, പത്ത് ‌സ്‌പെഷ്യാലിറ്റികളും നൂറിലധികം ഡോക്‌ടർമാരും പങ്കെടുക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഏഴിന് രാവിലെ ഒൻപത് മുതൽ ഉച്ചയ്‌ക്ക് ഒന്നു വരെ നടക്കും. പ്രളയ ബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുമരകത്തും ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ്, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജുനൈദ് റഹ്‌മാൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ എന്നിവർ അറിയിച്ചു. സൗജന്യമായി മെഡിക്കൽ ക്യാമ്പിൽ പേര് രജിസ്‌റ്റർ ചെയ്യാം. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾ രാവിലെ ഒൻപതോടെ എത്തണം. ഹ‌ൃദ്രോഗം, വൃക്കരോഗം, ഉദരരോഗം, കാൻസർ, നാഡീരോഗം, മൂത്രനാളീരോഗം തുടങ്ങിയവയ്ക്ക് പരിശോധന നടത്തും. ക്യാമ്പിൽ നിന്നും റഫർ ചെയ്യപ്പെടുന്ന രോഗികൾക്ക് അൾട്രാ സൗണ്ട് സ്‌കാനിംങ്, സ്.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാനിംങ്, എക്കോ തുടങ്ങിയ വിവിധ പരിശോധനകൾ എന്നിവ സർക്കാർ, സ്വകാര്യ ലാബുകൾ വഴി സൗജന്യമായി ചെയ്യും. പരിശോധനയിൽ പങ്കെടുക്കുന്ന നൂറു പേർക്ക് ബി.പി.സി.എല്ലിന്റെ സാമൂഹ്യ ബാദ്ധ്യത ഫണ്ടിൽ നിന്നും സൗജന്യമായി ശസ്‌ത്രക്രിയ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കണ്ണടകളും, മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. ബി.പി.സി.എൽ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയാണ് തുടർ ചികിത്സയും സേവനങ്ങളും സ്‌പോൺസർ ചെയ്യുന്നത്. കൊച്ചി ഐ.എം.എ, എറണാകുളം ജനറൽ ആശുപത്രി, കെ.ജി.എം.ഒ.എ കോട്ടയം ഏറ്റുമാനൂർ ബ്രാഞ്ചുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഡോക്‌ടർമാർ എത്തുന്നത്.