sndp
പാമ്പനാർ ശാഖാ പ്രസിഡന്റിനെതിരെ നടന്ന അക്രമണ ശ്രമത്തില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യൂണിയൻ നടത്തിയ പ്രകടനം

പാമ്പനാർ: ശ്രീനാരായണഗുരു കോളേജിൽ എത്തിയ എസ്.എൻ.ഡി.പി യോഗം പാമ്പനാർ ശാഖാ പ്രസിഡന്റ് സുരേഷിനെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പീരുമേട് എസ്.എൻ.ഡി.പി യുണിയൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് എസ്.എൻ. കോളേജിൽ കൊടിമരം നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇതിനിടയിൽ ഒരു ക്ലാസിലെ അദ്ധ്യാപികയെയും വിദ്യാർത്ഥികളെയും പൂട്ടിയിട്ടു.ഇതിനു നേതൃത്വം നൽകിയ വിദ്യാർത്ഥിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് കോളേജ് അധിക്യതർ നൽകുകയും ഇത് സംബന്ധിച്ചു കോളേജ് കൗൺസിലിൽ അറിയിക്കുകയും ചെയ്തു. ഖേദ പ്രകടനം നടത്താമെന്ന പേരിൽ എത്തിയ വിദ്യാർഥിയോടൊപ്പം എസ്.എഫ്.ഐ.പ്രവർത്തകരായ രണ്ടുപോർ കഴിഞ്ഞ ദിവസം കോളേജിൽ എത്തുകയും ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ നശിപ്പിക്കുകയും ചെയ്തു.ഇതിനിടയിൽ ശാഖാ പ്രസിഡന്റ സുരേഷിനെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചു.. ഇതിൽ പ്രതിഷേധിച്ചാണ് എസ്.എൻ.ഡി.പി.യൂണിയൻ പ്രതിഷേധ പ്രകടനം നടത്തിയത്. യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ യോഗം ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡന്റ് പി.കെ.രാജൻ, സെക്രട്ടറി കെ.ബി.ബിനു, അജയൻ.കെ.തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.പീരുമേട് പൊലീസിൽ കോളേജ് ആധിക്യതരും യൂണിയൻ ഭാരവാഹികളും രണ്ട് പരാതികൾ നൽകിയിട്ടുണ്ട്.