പൊൻകുന്നം:സംസ്ഥാന സർക്കാരിന്റെ മുറ്റത്തെ മുല്ല പദ്ധതി പൂത്തില്ല. പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടിൻപുറത്തെ വീട്ടമ്മമാർ നിരാശരായി. കുടുംബശ്രീവഴി അംഗങ്ങൾക്ക് മിതമായ പലിശനിരക്കിൽ ഒരുവർഷക്കാലാവധിക്ക് വായ്പ നൽകുന്നതായിരുന്നു സർക്കാർ പ്രഖ്യാപിച്ച സഹകരണവകുപ്പിന്റെ മുറ്റത്തെമുല്ല പദ്ധതി. കഴിഞ്ഞ വർഷം ഓണത്തിനു മുമ്പ് പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.നാട്ടിലേയും തമിഴ്‌നാട്ടിലേയും കൊള്ളപ്പലിശക്കാരിൽനിന്നും പണം കടം വാങ്ങുന്ന സാധാരണക്കാരായ വീട്ടമ്മമാരെ രക്ഷിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കാഞ്ഞിരപ്പള്ളി മേഖലയിലെ കുടുംബശ്രീ യൂണിറ്റുകൾ വലിയ പ്രതീക്ഷയോടെയാണ് പദ്ധതി നടപ്പാക്കാൻ കാത്തിരുന്നത്. ചിരിച്ചുകൊണ്ടു കഴുത്തറക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ബ്ലേഡുകാരെ ഒഴിവാക്കാനുള്ള നല്ല അവസരമായിട്ടായിരുന്നു എല്ലാവരും ഈ പദ്ധതിയെ കണ്ടത്. അതുകൊണ്ടുതന്നെ കാത്തിരിക്കാൻ നാട്ടിൻപുറത്തെ വീട്ടമ്മമാർ ഇപ്പോഴും തയ്യാറാണ്. ഈ ഓണത്തിനെങ്കിലും മുല്ല പൂക്കുമോ? കാത്തിരിക്കുക തന്നെ.

സർക്കാർ പ്രഖ്യാപിച്ചതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ഷാജി പാമ്പൂരി,ഗ്രാമ പഞ്ചായത്ത് അംഗം

പാവപ്പെട്ട വീട്ടമ്മമാർക്ക് പ്രതീക്ഷ നൽകിയിട്ട് പദ്ധതി നടപ്പാക്കാതിരിക്കുന്നത് കഷ്ടമാണ്.
മാലതി, എസ് ആന്റ് എസ്.പൊൻകുന്നം.