കോട്ടയം: മർദ്ദനത്തിൽ അവശനായ രാജ്കുമാറിനെ മജ്സ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കാൻ ഉഴിച്ചിൽ നടത്തിയത് നാട്ടുവൈദ്യൻ. എഴുന്നേയ്ക്കാൻ പോലും കഴിയാത്തവിധത്തിൽ അവശനായ രാജ്കുമാറിനെ ഉഴിയാനായി പൊലീസ് ഡ്രൈവർ നിയാസാണ് വൈദ്യനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. ''ഇവൻ നേര് പറയുന്നില്ല. പെരുമാറിയത് അൽപ്പം കൂടിപ്പോയി, ഇവിടംവരെ ഒന്ന് വരണം'' എന്നായിരുന്നു വൈദ്യനെ ഫോണിൽ വിളിച്ച് പറഞ്ഞത്. മുറിവെണ്ണയും മറ്റുമായി നാട്ടുവൈദ്യൻ അരമണിക്കൂറിനകം എത്തി ഉഴിച്ചിൽ നടത്തി. എണ്ണ ചൂടാക്കി നടുവിനും മറ്റും പുരട്ടിയാണ് ഉഴിച്ചിൽ നടത്തിയത്. അതോടെ എഴുന്നേല്പിച്ചു നിർത്തിയാൽ നിൽക്കുമെന്ന അവസ്ഥയായി. എന്നാലും നടക്കാൻ കഴിഞ്ഞിരുന്നില്ല.

രണ്ടായിരം രൂപ നല്കിയാണ് വൈദ്യനെ യാത്രയാക്കിയത്. രാജ്കുമാറിൽ നിന്ന് പിടിച്ചെടുത്ത പണത്തിൽ നിന്നാണ് രണ്ടായിരം രൂപ വൈദ്യന് കൊടുത്തത്. ഇത് ആരോടും പറയരുതെന്നും നിയാസ് വൈദ്യനോട് പ്രത്യേകം ശട്ടംകെട്ടുകയും ചെയ്തു.

റിപ്പോർട്ട് ഇന്ന്

ഡി.ജി.പിക്ക്

രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് റിപ്പോർട്ട് നല്കും. എ.ഡി.ജി.പി വിനോദ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ പ്രത്യേക സംഘം ഇന്നലെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഉരുട്ടിക്കൊലയ്ക്ക് സമാനമായ പീഡനമാണ് നടന്നതെന്നതിന്റെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡി.ജി.പിക്ക് സമർപ്പിക്കും. നാലു പൊലീസുകാരെയാണ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. എസ്.ഐ.യും മറ്റൊരു പൊലീസുകാരനും അറസ്റ്റിലായി. രണ്ട് പൊലീസുകാർക്കെതിരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. കൂടാതെ സസ്പെൻഷനിൽ കഴിയുന്ന പൊലീസുകാരെയും അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

ഇടുക്കി പൊലീസ് മേധാവി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്നുവെങ്കിലും സമ്മർദ്ദത്തെ തുടർന്ന് നീണ്ടു പോവുകയാണ്. ഇന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നല്കിക്കഴിഞ്ഞാൽ എസ്.പി.ക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്.