കടുത്തുരുത്തി: നിരവധി ബസുകൾ കടന്നുപോകുന്ന സ്ഥലമാണ് കടുത്തുരുത്തിയെങ്കിലും ഇവിടെ ബസ് സ്റ്റാൻഡില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കടുത്തുരുത്തിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ടെങ്കിലും ഇതിനുവേണ്ട നടപടികൾ എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ എറണാകുളം-ഏറ്റുമാനൂർ റൂട്ടിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ കടുത്തുരുത്തിയിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. സർക്കാർ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രധാന ടൗണാണ് കടുത്തുരുത്തി. എറണാകുളം, വൈക്കം, കോട്ടയം, പാലാ, കുറവിലങ്ങാട്, ഞീഴൂർ, കല്ലറ ഭാഗത്തേയ്ക്ക് ബസുകൾ കടന്നുപോകുന്ന പ്രധാന ഇടവും ഇതുതന്നെ. സ്റ്റാൻഡ് ഇല്ലാത്തതിനാൽ ബസുകൾ കുറച്ചുനേരത്തേക്ക് ടൗണിൽ നിറുത്തിയിട്ടാൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കാണ് ഇവിടത്തെ പ്രധാന പ്രശ്നം. ഇത് കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ബസ് ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാണ് ബസ് സ്റ്റാൻഡിനു പുറമേ യാത്രക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. വൈക്കം ഭാഗത്തേയ്ക്കുള്ള സ്റ്റോപ്പിൽ മാത്രമാണ് നിലവിൽ ബസ് കാത്തിരുപ്പ് കേന്ദ്രമുള്ളത്. കോട്ടയം ഭാഗത്തേയ്ക്കുള്ള സ്റ്റോപ്പിൽ കാത്തിരുപ്പ് കേന്ദ്രമില്ലാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ഇതോടൊപ്പം അനധികൃത പാർക്കിംഗും കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കടുത്തുരുത്തി വ്യാപാര വ്യവസായി ഏകോപന സമിതി ജനപ്രതിനിധികൾക്ക് നിവേദനവും സമർപ്പിച്ചിരുന്നു.