കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസിൽ വിവാദം കത്തുമ്പോൾ ക്രൂരത മാത്രമല്ല പൊലീസിന്റെ കൊള്ളയും പുറത്തുവരികയാണ്.
ഹരിത ഫിനാൻസിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് സ്ഥാപനത്തിൽ നടത്തിയ തിരച്ചിലിൽ 3.03 ലക്ഷം രൂപയാണ് കണ്ടെത്തിയത്. എന്നാൽ പൊലീസിന്റെ കണക്കിൽ വന്നത് 1.97 ലക്ഷം രൂപ മാത്രം. അതായത് ഒറ്റയടിക്ക് പൊലീസ് അടിച്ചുമാറ്റിയത് 1.06 ലക്ഷം രൂപ! പൊലീസ് വാഹനത്തിന് ഡീസൽ അടിച്ചതും ഉദ്യോഗസ്ഥർ ഭക്ഷണം കഴിച്ചതും ഈ തുകയിൽ നിന്നാണെന്നും ബാക്കിത്തുക ആറ് പൊലീസുകാർ ചേർന്ന് വീതിച്ചെടുത്തെന്നും നെടുങ്കണ്ടം സ്റ്റേഷനിലെ ഒരു പൊലീസുകാരൻ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്കി. രാജ്കുമാറിനെ അറസ്റ്റ് ചെയ്ത ദിവസം രാവിലെയാണ് പൊലീസ് ഹരിത ഫിനാൻസിൽ പരിശോധന നടത്തിയത്.
ഹരിത ഫിനാൻസ് ഒരു തട്ടിപ്പുസ്ഥാപനമാണെന്ന് നെടുങ്കണ്ടം പൊലീസിന് നേരത്തെതന്നെ അറിവ് ലഭിച്ചിരുന്നുവെന്നും സൂചനയുണ്ട്. സ്ഥാപനം പൂട്ടാതിരിക്കാൻ എസ്.ഐ കെ.എ.സാബു 50,000 രൂപ കൈക്കൂലി ചോദിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പണം ക്വാട്ടേഴ്സിൽ എത്തിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു. എന്നാൽ രാജ്കുമാർ പണം കൊടുത്തില്ല. അതിനാലാണ് തിടുക്കപ്പെട്ട് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത അന്നുതന്നെ എം.ഡി ശാലിനിയെയും മാനേജർ മഞ്ജുവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. അടുത്ത ദിവസം തന്നെ ശാലിനിയെയും മഞ്ജുവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്ന് രാജ്കുമാറിനെ കസ്റ്റഡിയിൽവച്ച് തെളിവ് ശേഖരിക്കാൻ പ്രാകൃത രീതിയിൽ മർദ്ദനം നടത്തിയെന്ന് എസ്.ഐ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു.
എവിടെനിന്നെല്ലാം പണം സ്വീകരിച്ചിരുന്നുവെന്നും എവിടെയാണ് പണം നിക്ഷേപിച്ചിരുന്നതെന്നും രാജ്കുമാറിനെക്കൊണ്ട് പറയിപ്പിക്കാൻ മൂന്നു കുപ്പി കുരുമുളക് സ്പ്രേയും കാന്താരി മുളകും പ്രയോഗിച്ചിരുന്നുവെന്നും എസ്.ഐ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ജില്ലയിലെ ഒരു ജനപ്രതിനിധിയുടെ ബലത്തിലാണ് സ്ഥാപനം തുടങ്ങിയതെന്നാണ് രാജ്കുമാർ ഉറ്റ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് ആരെന്ന് ഇപ്പോൾ ആരും പറയുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനായ ഷുക്കൂർ, മലപ്പുറത്തെ അഭിഭാഷകൻ നാസർ, രാജു എന്നിവരാണ് സ്ഥാപനത്തിന്റെ ഉടമകളെന്നാണ് രാജ്കുമാർ പറഞ്ഞിരുന്നത്. അതാത് ദിവസങ്ങളിലെ കളക്ഷൻ തുക ശരാശരി ഒരു ലക്ഷം രൂപയോളം കുമളിയിലെത്തിച്ച് രാജുവിന് കൈമാറുകയായിരുന്നു. ഇതിന്റെ വിഹിതം ഷുക്കൂറിനും നാസറിനും കൈമാറിയിരുന്നത് രാജു ആയിരുന്നുവെന്നാണ് അറിവായിട്ടുള്ളത്. ഉടമകളെന്നു പറയപ്പെടുന്ന മൂവർ സംഘം സ്ഥാപനത്തിലെത്താതെ എവിടെയോ ഒത്തുകൂടി ആഴ്ചയിൽ ഒരു പ്രാവശ്യം ഓഡിറ്റിംഗ് നടത്തിയിരുന്നതായും അറിവായിട്ടുണ്ട്.
തട്ടിപ്പ് നടത്താനല്ല സ്ഥാപനം തുടങ്ങിയതെന്നും മലപ്പുറം സ്വദേശികളായ ചിലരുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അറിയുന്നു. പാവപ്പെട്ടവർക്ക് നാലു ശതമാനം പലിശക്ക് നല്കി പണം വെളിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്കുമാറാണ് സ്ഥാപന ഉടമയെന്നും ഇവന്റെ കൈയിൽ പണം കൊടുത്താൽ തിരിച്ചുകിട്ടാൻ സാദ്ധ്യതയില്ലെന്നും മനസിലാക്കിയ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് എത്തിയതോടെയാണ് രംഗം വഷളായത്. ഇതിനിടെയാണ് കൈക്കൂലി ആവശ്യപ്പെട്ട് പൊലീസ് പിന്നാലെ കൂടിയതും സ്ഥാപനം പൂട്ടാൻ ഇടയാക്കി.