കുറവിലങ്ങാട് : മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ പദ്ധതികളുമായി കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്. ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം 6 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനൊപ്പം അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിക്കും.

ഇതിന്റെ ഭാഗമായി അടുത്തമാസം പ്രത്യേക ഗ്രാമസഭകൾ ചേരും. തുടർന്ന് ശുചിത്വ സഭകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ എന്നിവ പ്രത്യേക യോഗം ചേർന്ന് വാർഡുതലങ്ങളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. വ്യാപാര-സ്വകാര്യസ്ഥാപനങ്ങൾ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കണം. 5 മുതൽ 25 സെന്റുവരെ ഭൂമിയുള്ളവർക്കും പൊതുസ്ഥാപനങ്ങൾക്കും ദേശീയ ഗ്രാമീണ പദ്ധതിയിൽപ്പെടുത്തി ആദ്യഘട്ടം കമ്പോസ്റ്റ് പിറ്റ് നിർമ്മിച്ചു നൽകും. ഹരിതകർമ്മസേനയുടെ സഹായത്തോടെയാണ് അജൈവമാലിന്യ ശേഖരണം.

പ്രധാന തീരുമാനങ്ങൾ

13 വാർഡുകളിലും മിനി എം.സി എഫുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് ചില്ലു കുപ്പികൾ ശേഖരിക്കും

പ്ലാസ്റ്റിക് കത്തിക്കൽ , മാലിന്യം നിക്ഷേപിക്കൽ എന്നിവ തുടർന്നാൽ പിഴ ഈടാക്കും

വിവാഹം, പൊതുപരിപാടികൾ എന്നിവയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കണം

''

പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കി ആറ് മാസത്തിന്നുള്ളിൽ സമ്പൂർണ മാലിന്യരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കും.

പഞ്ചായത്ത് അധികൃതർ