കോട്ടയം: കസ്റ്റഡി മരണം പൊലീസിനു നാണക്കേടായ സാഹചര്യത്തിൽ രാത്രിയിൽ പ്രതികളെ പിടികൂടി പുലിവാൽ പിടിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിയുടെ കർക്കശ ഉത്തരവ്. വൈകിട്ട് ആറു മുതൽ പുലർച്ചെ ആറു വരെ പൊലീസ് സ്റ്റേഷനുകളിൽ പ്രതികളെ സൂക്ഷിക്കുന്നത് സംബന്ധിച്ച് കർശന നിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ മാത്രമേ ഇനി രാത്രിയിൽ പൊലീസ് സ്റ്റേഷനുകളിൽ പാർപ്പിക്കാവൂ . സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശങ്ങളുടെ ചുവട് പിടിച്ചാണ് ജില്ലയിലും നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഡി.ജി.പി നൽകിയ പതിനൊന്ന് നിർദേശങ്ങൾ ഉൾപ്പെടെ 27 നിർദേശങ്ങളാണ് ജില്ലാ പൊലീസ് മേധാവി നൽകിയിരിക്കുന്നത്.

നിർദേശങ്ങൾ

കാമറകൾ കറക്‌ടാകണം

ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇന്ന് വൈകിട്ട് അഞ്ചിനകം റിപ്പോ‌ർട്ട് നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. മൂന്നാം മുറ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂരിലെ അധുനിക ചോദ്യം ചെയ്യൽ മുറി കുറ്റാന്വേഷണത്തിനായി ഉദ്യോഗസ്ഥർ ഉപയോഗിക്കുക. ആധുനിക ചോദ്യം ചെയ്യൽ മുറിയിലെ കാമറകൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. ഈ മുറിയിൽ എത്ര പ്രതികളെ ഓരോ മാസവും ചോദ്യം ചെയ്‌തു എന്നത് സംബന്ധിച്ചു ചുമതലയിലുള്ള ഡിവൈ.എസ്.പി എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അലമ്പുണ്ടാക്കുന്നവരെ

എന്തു ചെയ്യും?

അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരുടെയും മദ്യപിച്ച് ബോധമില്ലാതെ നിരത്തിൽ കിടക്കുന്നവരുടെയും മനോരോഗികളുടെയും ഡംപിംഗ് യാ‌ർഡ് അല്ല പൊലീസ് സ്റ്റേഷനെന്ന് പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയുക. - ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലർ അവസാനിക്കുന്നത് ഈ വാചകങ്ങളോടെയാണ്. ഇത്തരത്തിൽ പിടികൂടുന്ന പ്രതികളെ ഇനി എന്തു ചെയ്യണമെന്ന് നിർദേശത്തിൽ പറയുന്നില്ല.