വൈക്കം : സർപ്പക്കാവും കമ്മ്യൂണിസവും എങ്ങിനെ ചേർന്നു പോകുമെന്ന് ചോദിക്കുന്നവരുണ്ടാവും. പക്ഷേ കണ്ണാടി കോവിലകത്തെ കമ്യൂണിസ്റ്റുകാർക്ക് അതിനുത്തരമുണ്ട്. പ്രത്യയശാസ്ത്രത്തിനൊപ്പം പരിസ്ഥിതിയെയും നെഞ്ചേറ്റിയവരാണവർ. അതുകൊണ്ടുതന്നെ തലമുറകൾ പിന്നിട്ട കാവ് കോവിലകത്തോടൊപ്പം അവർ പരിപാലിച്ചുപോരുന്നു.
ആറാട്ടുകുളങ്ങരയിലെ കണ്ണാടി കോവിലകത്തെ സർപ്പക്കാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വൈക്കത്തെ കമ്മ്യൂണിസ്റ്റുകാരുടെ തറവാടുകളിലൊന്നാണ് ഈ കോവിലകം. കോവിലകത്തിന്റെ തായ് വഴി ചെന്നെത്തുക തൃപ്പൂണിത്തുറയിലാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിനും മുൻപേ യുക്തിവാദ പ്രസ്ഥാനത്തിലൂടെ പുരോഗമനാശയങ്ങളെ നെഞ്ചോട് ചേർത്തവരാണവർ. കണ്ണാടികോവിലകത്തെ കാരണവരായ രാമവർമ്മ തമ്പാനെ നയിച്ചിരുന്നത് പുരോഗമന ചിന്തയും നാസ്തികതയുമെല്ലാമായിരുന്നിട്ടും സർപ്പക്കാവ് സംരക്ഷിക്കാൻ അദ്ദേഹം തയ്യാറായി. എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ഇ. മാധവന്റെ മകൾ, തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്ന സി.കെ.തുളസി ഭാര്യയായെത്തിയപ്പോൾ കാവ് പരിപാലനം അവർ ഏറ്റെടുത്തു. കാവിലെ കൽവിളക്കിൽ പതിവായി ദീപം തെളിച്ചു. കാവിന്റെ വിശുദ്ധി കാത്തു. പക്ഷേ രാഷ്ട്രീയ വിശ്വാസങ്ങൾക്കപ്പുറം സർപ്പാരാധന നടത്തിയില്ല. നാവൂറ് പാടാൻ ആരും ആ കാവ് തീണ്ടിയില്ല.
അവർ രണ്ടാളും ഓർമ്മയായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. പുതിയ തലമുറ ജോലിയും ബിസിനസ്സുമൊക്കെയായി പുറംനാടുകളിലായിരുന്നു മിക്കപ്പോഴും. എന്നാൽ കാവിന്റെ പരിപാലനത്തിന് അവരും ഒരു കുറവും വരുത്തിയില്ല. കാവ് സംരക്ഷിക്കാൻ, അവിടെ വിളക്ക് വയ്ക്കാൻ ചുമതലക്കാരുണ്ട്. നാട്ടിലെത്തുമ്പോൾ താമസിക്കാൻ പഴയ ഒരപ്പുര പുതുക്കി പണിതപ്പോഴും കാവിനഭിമുഖമായ പഴയ പരിസ്ഥിതി സൗഹൃദ നാലുകെട്ട് അതേപടി നിലനിർത്തി.
കണ്ണാടി കോവിലകത്തെ കാവ് പ്രകൃതി വൈവിദ്ധ്യത്തിന്റെ ഒരു പരിച്ഛേദമാണ്. വനാന്തരീക്ഷത്തിൽ മാത്രം വളരുന്ന വൃക്ഷങ്ങളും ചൂരലും വള്ളിപ്പടർപ്പുകളും വിവിധയിനം ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്.
എൻ.കെ.രാമവർമ്മ തമ്പാൻ
ആദ്യകാല കമ്മ്യൂണിസ്റ്റ് സംഘാടകരിൽ പ്രമുഖൻ. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് പൊലീസിന്റെ കൊടിയ മർദ്ദനവും ജയിൽവാസവും അനുഭവിച്ചു. പാർട്ടി വൈക്കം - കൂത്താട്ടുകുളം ജില്ലാ കമ്മറ്റി അംഗമായിരുന്നു. പിന്നീട് വൈക്കം താലൂക്ക് കമ്മിറ്റിയംഗമായും മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. കിസാൻസഭ, ഐപ്സോ, ഇന്തോ - സോവിയറ്റ് സാംസ്കാരിക സമിതി തുടങ്ങിയ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചു.
സി.കെ.തുളസി
വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തക, വിദ്യാർത്ഥി,യുവജന പ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലെത്തി പിന്നീട് മഹിളാ സംഘത്തിന്റെ നേതൃനിരയിൽ. പാർട്ടി ജില്ലാ കൗൺസിൽ അംഗവും താലൂക്ക് കമ്മറ്റിയംഗവും മണ്ഡലം കമ്മറ്റിയംഗവുമായി പ്രവർത്തിച്ചു. മഹിളാസംഘം ജില്ലാ ഭാരവാഹിയും താലൂക്ക് സെക്രട്ടറിയുമായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ആദ്യ രൂപമായ ജില്ലാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കമന്റ്:
കാവിനും ഈ കോവിലകത്തിനും രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആ പൈതൃകം വരും തലമുറക്കായി കാത്തു സൂക്ഷിക്കുകയെന്നത് ഞങ്ങളുടെ കടമയാണെന്ന തിരിച്ചറിവുണ്ട്
അജിത്കുമാർ വർമ്മ
(രാമവർമ്മ തമ്പാന്റെ മകൻ)