കോട്ടയം : മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളലേർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ പിൻവലിക്കുക, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ജൂഡീഷ്യൽ അന്വേഷണം നടത്തുക, നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യുക, കാരുണ്യ പദ്ധതി പുന:രാരംഭിയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ ജോൺസൺ ഏബ്രഹാം മുഖപ്രസംഗം നടത്തി. മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ്, കെ.പി.സി.സി നേതാക്കളായ ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ ,പി.എസ് രഘുറാം, രാധാ വി നായർ, മോഹൻ കെ നായർ, അഡ്വ.ജി.ഗോപകുമാർ ,ബിജു പുന്നത്താനം, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസ്സിമോൾ മനോജ്, നഗരസഭാദ്ധ്യക്ഷ പി.ആർ സോന എന്നിവർ പ്രസംഗിച്ചു.