ചങ്ങനാശേരി : ഒരു നാടിന്റെയും വീട്ടുകാരുടെയും ഉള്ളുരുകിയ പ്രാർത്ഥനകളും കൈമെയ് മറന്ന സഹായവും വിഫലമാക്കി ബിജു വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിയിരിക്കെയാണ് ഇന്നലെ രാവിലെ 7 ഓടെ മലേക്കുന്ന് പുതുപ്പറമ്പിൽ ബിജു മരണത്തിന് കീഴടങ്ങിയത്. രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ ബിജുവിന്റെ തൊണ്ടയിൽ ദ്വാരം ഇട്ടാണ് ശ്വാസതടസം മാറ്റിയിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിജുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു നാടൊന്നാകെ പ്രയത്‌നത്തിലായിരുന്നു. കൗൺസിലർമാരായ ടി.പി അനിൽകുമാർ, ഷംന സിയാദ്, അഡ്വ.പി.എ നസീർ ,അഡ്വ.പി.എസ് മനോജ്, സന്ധ്യാ മനോജ് എന്നിവരോടൊപ്പം പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ധനശേഖരണത്തിന് മുന്നിട്ടിറങ്ങിയത്. മാതാവ്: സരസമ്മ. സഹോദരങ്ങൾ: സുമ ധനഞ്ജയൻ, സുനി പ്രസാദ്, സുനിത മുരളി. ബിജുവിന്റെ സംസ്‌കാരം നടത്തി.