തലയോലപ്പറമ്പ് : ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയ ബഷീർ ബാല്യകാല സഖി പുരസ്കാരം പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിൽ ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടറും വയലാർ അവാർഡ് ജേതാവുമായ കെ.വി.മോഹൻകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സമിതി വൈസ് ചെയർമാൻ ഡോ.പോൾ മണലിൽ അവാർഡ് തുക സമർപ്പിച്ചു. പ്രൊഫ.കെ.എസ്.ഇന്ദു, ഡോ.യു.ഷംല, കെ.ബി.പ്രസന്നകുമാർ, ആശ്രാമം ഭാസി, അഡ്വ. ടോമി കല്ലാനി, എം.ഡി.ബാബുരാജ്, ഡോ.എസ്.പ്രീതൻ തുടങ്ങിയവർ പ്രസംഗിച്ചു. മോഹൻ ഡി.ബാബു സ്വാഗതവും ഡോ.എസ്.ലാലിമോൾ നന്ദിയും പറഞ്ഞു. ബഷീറിന്റെ ജന്മഗൃഹമായിരുന്ന, ഇപ്പോഴത്തെ ഫെഡറൽ നിലയം അടൂർ സന്ദർശിച്ചു.
കുട്ടിക്കാലത്ത് ബഷീർ കൃതികൾ വായിക്കാൻ സാധിച്ചെങ്കിലും 1989 ലാണ് അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചത്. 1967 ൽ കേരളകൗമുദിയുടെ വിശേഷാൽ പതിപ്പിൽ ആരാധ്യനായ കെ.ബാലകൃഷ്ണൻ മതിലുകൾ നീണ്ടകഥയായി പ്രസിദ്ധീകരിച്ചത് മലയാള ഭാഷയിലെ തന്നെ വലിയ സംഭവമായിരുന്നു. വലിയ സാദ്ധ്യത ഉണ്ടായിട്ടും മറ്റുള്ളവർ എന്തുകൊണ്ടാണ് മതിലുകൾ സിനിമയാക്കാഞ്ഞത് എന്നറിയില്ല. അക്കാരണത്താലാണ് താൻ അത് സിനിമയാക്കാൻ തിരഞ്ഞെടുത്തത്. മതിലുകൾക്ക് ദേശീയ അന്തർദേശീയ തലത്തിൽ അതിരുകളില്ലാത്ത അംഗീകാരമാണ് ലഭിച്ചത്.