stand

ചങ്ങനാശേരി : മൂക്ക് പൊത്തിക്കോ... അത്രയ്ക്കുണ്ട് ചങ്ങനാശേരി നഗരത്തിലെ മാലിന്യം. പ്രധാന പാതയോരങ്ങളിലും ഇടറോഡുകളിലും മാലിന്യം നിറഞ്ഞു. പെരുന്ന രണ്ടാംനമ്പർ സ്റ്റാൻഡിന് സമീപത്തേക്ക് വരാൻ പോലുമാകില്ല. ചീഞ്ഞളിഞ്ഞ മാലിന്യത്തിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ്. മാലിന്യം നിക്ഷേപിക്കരുതെന്ന് സ്ഥാപിച്ചിരിക്കുന്ന ബോർഡിന് താഴെയാണ് മാലിന്യക്കൂമ്പാരം എന്നതാണ് ശ്രദ്ധേയം. ദിനംപ്രതി മാലിന്യം കൂടിവരികയാണ്. നഗരസഭയാകട്ടെ ഇതൊന്നും അറിഞ്ഞ ഭാവമേയില്ല.

നഗരസഭയുടെ വകയായി സ്റ്റാൻഡിൽ എയ്‌റോബിക് ബിൻ സ്ഥാപിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ബിന്നിൽ നിക്ഷേപിക്കാനുള്ള മാലിന്യം ചാക്കിൽകെട്ടി എത്തിച്ചിരുന്നു. സംഭരണശേഷി കവിഞ്ഞതോടെ ദുരിതവും തുടങ്ങി. മുനിസിപ്പൽ പരിധിയും കടന്നു സമീപ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ഇവിടേക്ക് വലിയ തോതിൽ മാലിന്യം തള്ളുകയാണ്. പരാതികൾ ഉയരുമ്പോൾ ശുചീകരണ തൊഴിലാളികൾ എത്തി വൃത്തിയാക്കി മടങ്ങും. വീണ്ടും പഴയപടി തന്നെ. മാലിന്യം കൂടിക്കിടക്കുന്നതിനാൽ കംഫർട്ട് സ്റ്റേഷനും ഉപയോഗശൂന്യമായി. സ്റ്റാൻഡിനോട് ചേർന്നുള്ള മതിലിന്റെ മറവിലാണ് ആവശ്യക്കാർ കാര്യം സാധിച്ചു മടങ്ങുന്നത്.

പരിഹാരം ഇനിയെന്ന്

പെരുന്ന ബസ് സ്റ്റാൻഡിൽ വിദേശ മലയാളി സംഘടനയുടെ സഹായത്തോടെ സ്ഥാപിച്ചത് 10 മാലിന്യ സംസ്‌ക്കരണ യൂണിറ്റുകളാണ്. കൂടാതെ നഗരസഭയുടെ നേതൃത്വത്തിൽ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റും സ്ഥാപിച്ചു. എന്നിട്ടും മാലിന്യ പ്രശ്‌നം മാത്രം പരിഹരിക്കാനായില്ല.

യൂണിറ്റ് സ്ഥാപിച്ച ചെലവ് : 7 ലക്ഷം

പെരുന്നയിൽ യൂണിറ്റുകൾ : 10