കോട്ടയം : കാലവർഷം ചതിച്ചാലും സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കാൻ സഹായിക്കുമായിരുന്ന കൂടംകുളം ലൈൻ വലിക്കുന്നത് തടസപ്പെട്ടത് കേരളത്തിന് തിരിച്ചടിയാകുന്നു.

കൂടംകുളം പദ്ധതിയിൽ 148 കിലോമീറ്റർ ഇതിനകം ലൈൻ വലിച്ചു. ഇനി 644 മീറ്റർ മാത്രമാണ് വലിക്കാനുള്ളത്. കഴിഞ്ഞ ഡിസംബറിൽ കമ്മിഷൻ ചെയ്യേണ്ടിയിരുന്ന പദ്ധതി തടസപ്പെട്ടത് പള്ളിക്കര ഭാഗത്ത് സ്വകാര്യ വ്യക്തി കോടതിയിൽ പോയതോടെയാണ്. ഇയാൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധിയാണുണ്ടായത്. ഇതിനെതിരെ പവർ ഗ്രിഡ് കോർപ്പറേഷൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീർപ്പുണ്ടായാലേ ലൈൻ വലിക്കൽ പൂർത്തിയാക്കാനാവൂ. അതുകൊണ്ട് കൂടംകുളത്തു നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് കേരളത്തിന് വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പെട്ടെന്നു കഴിയില്ല.

കോട്ടയം ജില്ലയിൽ വെള്ളാവൂർ, നെടുങ്കുന്നം,കങ്ങഴ,പാമ്പാടി, കൂരോപ്പട, ആനിക്കാട്, അയർക്കുന്നം, ഏറ്റുമാനൂർ, കിടങ്ങൂർ, കാണക്കാരി, ഇലയ്ക്കാട്, കുറവിലങ്ങാട്, ഞീഴൂർ, മുളക്കുളം, ഇലഞ്ഞി വഴി 51 കിലോമീറ്റർ ദൂരത്തിലാണ് ലൈൻ കടന്നു പോവുന്നത്. പത്തനംതിട്ടയിൽ 47 കിലോമീറ്ററും. പത്തനംതിട്ടയിൽ ലൈൻ പൂർത്തിയായി. ആകെ 447 ടവറുകളിൽ കോട്ടയത്ത് 158 ടവറും പത്തനംതിട്ടയിൽ 140 ടവറുമാണുള്ളത്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് വർഷങ്ങളോളം പണി മുടങ്ങിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നഷ്ടപരിഹാരതുക 314 കോടിയിൽ നിന്ന് 1020 കോടിയായി വർദ്ധിപ്പിച്ചിരുന്നു . പവർഗ്രിഡ് കോർപ്പറേഷനാണ് 85 ശതമാനം നഷ്ടപരിഹാരതുക നൽകിയത് . ബാക്കി സംസ്ഥാന സർക്കാരും. നഷ്ടപരിഹാരത്തുക ഉയർത്തുകയും ലൈൻ കടന്നു പോകുന്ന സ്ഥലം ഉടമസ്ഥർക്ക് കൈകാര്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

148 കിലോമീറ്റർ ദൂരം, 400 കിലോവാട്ട് ലൈൻ

കൊല്ലം,പത്തനംതിട്ട, കോട്ടയം,എറണാകുളം ജില്ലകളിലൂടെ 148 കിലോമീറ്റർ ദൂരത്തിലുള്ള ഇടമൺ- കൂടംകുളം 400 കിലോവാട്ട് വൈദ്യുതി ലൈൻ 2010ൽ കമ്മിഷൻ ചെയ്യേണ്ടതായിരുന്നു. തിരുനൽവേലി-ഇടമൺ- കൊച്ചി ലൈൻ പൂർത്തിയായിട്ടും ബാക്കി ഭാഗം പത്തുവർഷം കഴിഞ്ഞിട്ടും യാഥാർത്ഥ്യമാക്കാനായില്ല .

ഇങ്ങേ അറ്റത്തുള്ള കേരളത്തിലേക്ക് പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നത് വളഞ്ഞു മൂക്കിൽ പിടിക്കുന്നത് പോലെയായിരുന്നു . പ്രസരണ നഷ്ടവും കൂടിയിരുന്നു. ഫീസ് ഇനത്തിൽ രണ്ടു വർഷത്തേക്ക് 600 കോടി രൂപ കേരളം നൽകണമായിരുന്നു. കൂടംകുളം ലൈൻ പൂർത്തിയായിരുന്നെങ്കിൽ ഇതു കുറഞ്ഞെനേ.