kadu

വൈക്കം : ഇപ്പോൾ വൈക്കം താലൂക്ക് ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് കൂട്ട് ഇഴ ജന്തക്കൾ. പാമ്പ് പഴുതാര, എട്ടുകാലി, എന്നിങ്ങനെ നീളുന്നു കൂട്ടിരിപ്പുകാർ. എങ്ങനെ പാമ്പ് വരാതിരിക്കും. കാടാണ് മുഴുവൻ. താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ മൂർഖൻ വിരുന്നെത്തിയത് ദിവസങ്ങൾക്ക് മുൻപാണ്. ഇഴ ജന്തുക്കൾക്ക് താവളമൊരുക്കി ആശുപത്രി വളപ്പിൽ കാടും പടലും പടർന്നു കയറുകയാണ്. ആശുപത്രി വാർഡിന്റെ മേൽക്കൂരയിൽ നിന്നാണ് പാമ്പ് രോഗികൾക്കിടയിലേക്ക് വീണത്. കൂട്ടിരിപ്പുകാരും നാട്ടുകാരും കൂടി അതിനെ തല്ലിക്കൊന്നു. പേടിയോടെയാണ് രോഗികൾ ആശുപത്രിക്കുള്ളിൽ കഴിയുന്നത്. ഇഴജന്തുക്കൾ ആശുപത്രി വാർഡുകളിലെ നിത്യസന്ദർശകരാണെന്നാണ് രോഗികളുടെ പരാതി. അതോടെ നഗരസഭ അധികൃതർ ഉണർന്നു. വാർഡിന് മുകളിലേക്ക് ചാഞ്ഞുകിടന്ന മരച്ചില്ലകളും ജനലഴികൾക്കിടയിലൂടെ വാർഡുകളിലേക്ക് വളർന്നുകയറിയ പൊന്തക്കാടുകളും വെട്ടിവെളുപ്പിച്ചു. പക്ഷേ അപ്പോഴും കാടിന്റെ പ്രധാന ഭാഗം ഇഴജന്തുക്കൾക്ക് വിശാലമായ ആവാസവ്യവസ്ഥയൊരുക്കി അങ്ങനെ പരന്നുകിടക്കുകയാണ്. ആശുപത്രി വളപ്പിന്റെ കായൽ തീരഭാഗത്താണിത്. ഇവിടവും കൂടി തെളിച്ചാൽ മാത്രമേ രോഗികൾക്ക് ഇഴ ജന്തുക്കളിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാനാവൂ. ഈ കാടിന് സമീപമാണ് കുട്ടികളുടെ വാർഡ്.

കണ്ടൽചെടികൾക്കും ഭീഷണി

താലൂക്ക് ആശുപത്രി വളപ്പിൽ കായലോരത്ത് വളർന്ന് പടരുന്ന വള്ളിപ്പടർപ്പുകൾ തീരത്ത് ധാരാളമായി വളർന്നു നിന്നിരുന്ന കണ്ടൽ ചെടികളെ മൂടിയിരിക്കുകയാണ്. ഈ കാടിനെ ഇങ്ങനെ വളരാൻ വിട്ടാൽ കായലിലെ വലിയൊരു ആവാസ വ്യവസ്ഥയെയാണ് ഇല്ലാതാക്കുക. പണ്ട് നഗരത്തിന്റെ കായൽ തീരങ്ങളിൽ സുലഭമായി കണ്ടുവന്നിരുന്ന കണ്ടൽച്ചെടികൾ ഇപ്പോൾ നാമമാത്രമാണ്.

പി.സോമൻപിള്ള

(വൈക്കം താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ ട്രഷറർ)

വള്ളിപ്പടർപ്പുകളും അടിക്കാടും അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും നീക്കം ചെയ്യുക വഴി കണ്ടൽ ചെടികളെ സംരക്ഷിക്കുകയും ആശുപത്രി വളപ്പിൽ ഇഴജന്തുക്കളുടെ ഉപദ്രവം ഇല്ലാതാകുകയും ചെയ്യാനാവും. കായൽ തീരത്ത് രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കാറ്റുകൊണ്ടിരിക്കാനും കഴിയും.

*കുട്ടികളുടെ വാർഡിന് സമീപം കാട്

* മൂർഖൻ വിരന്നുവന്നത് ദിവസങ്ങൾക്ക് മുമ്പ്