പാലാ : മഴക്കാലമായതോടെ പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡ് വീണ്ടും ചെളിക്കുളമായി. വിവിധയിടങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന വൻ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ബസുകൾ കുഴികളിൽ ഇറങ്ങിക്കയറുമ്പോൾ യാത്രക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും ചെളി തെറിക്കുന്നത് നിത്യസംഭവമാണ്. ബസ് വരുമ്പോൾ പലരും ഓടിമാറുകയാണ്. സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപാണ് സ്റ്റാൻഡ് അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയത്.
ദിവസേന നാനൂറോളം ബസുകളും ആയിരക്കണക്കിന് യാത്രക്കാരും കയറിയിറങ്ങുന്ന സ്റ്റാൻഡിലാണീ ദുരിതം. ബസ് സ്റ്റാൻഡ് ഫീ ഇനത്തിൽ സ്വകാര്യ ബസുകളിൽ നിന്ന് വർഷം ലക്ഷങ്ങൾ ഈടാക്കുന്ന അധികൃതർ അറ്റകുറ്റപ്പണി നടത്തുന്നതിൽ അലംഭാവം കാണിക്കുകയാണെന്നാണ് ആക്ഷേപം.

ബസിനടിയിലെ കമ്പി ടാറിംഗിൽ ഉരയുന്നത് പ്രശ്‌നം

ബസിന് പുറകുവശത്ത് അടിയിൽ സ്റ്റെപ്പിനി ടയർ സൂക്ഷിക്കുന്ന ഭാഗത്തെ കമ്പി, സ്റ്റാൻഡിലെ ഹമ്പിൽ കയറുമ്പോൾ ടാറിംഗിൽ ഉരയുന്നതാണ് ടാറിംഗ് പെട്ടെന്ന് ഇളകാൻ കാരണമെന്ന് മുനിസിപ്പൽ പൊതുമരാമത്ത് എൻജിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചതായി നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ പറഞ്ഞു. കരാറുകാരനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മഴ മാറിയാലുടൻ ടാർ ചെയ്യും. പാറപ്പൊടിയോ, മക്കു കല്ലോ ഇട്ട് താത്കാലിക നടപടികൾക്കും ശ്രമിക്കുന്നുണ്ടെന്ന് ചെയർപേഴ്‌സൺ വിശദീകരിച്ചു.