കോട്ടയം: അദ്ധ്യയനവർഷം ആദ്യപാദം പിന്നിടുമ്പോഴും പൊതുവിദ്യാഭ്യാസ മേഖലയിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകനിയമനം അനിശ്ചിതമായി നീളുന്നു. 2016 മുതൽ ഓരോ അദ്ധ്യയനവർഷത്തിലും കരാർ നിയമനം ലഭിച്ചുകൊണ്ടിരുന്ന 2500 ലധികം അദ്ധ്യാപകർ ഇതോടെ പെരുവഴിയിലായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കലാ- കായിക- പ്രവൃത്തിപഠന വിഭാഗത്തിൽ പാഠപുസ്തകവും പരീക്ഷയും പ്രോഗ്രസ് കാർഡുമുണ്ടായിട്ടും പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്തത് വിദ്യാർത്ഥികളുടെ ഭാവിയും അവതാളത്തിലാക്കുകയാണ്. കുട്ടികളുടെ മാനസികവും ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിന് സംഗീതം, ചിത്രകല, പ്രവർത്തിപരിചയം തുടങ്ങിയ വിഷയങ്ങൾ സാർവദേശീയമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നത് യുനസ്കോ ഉൾപ്പെടെയുള്ള ഏജൻസികളുടെ നിർദ്ദേശമാണ്. എന്നാൽ ഈ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്.
തസ്തിക അനുവദിച്ചത്
100 കുട്ടികളുള്ള യു.പി സ്കൂളുകളിലും
150 കുട്ടികളുള്ള എൽ.പി സ്കൂളുകളിലും
സേവനവേതന വ്യവസ്ഥയിലെ അനിശ്ചിതത്വം
ശരാശരി 5 സ്കൂളുകൾക്ക് ഒരു തസ്തിക വീതമാണ് അനുവദിച്ചത്. 29,500 രൂപ ശമ്പളം ലഭിക്കുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വകാര്യ സ്കൂളുകളിലെ ജോലി ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിൽ എത്തിയവർക്ക് 2016 ഡിസംബർ മുതൽ മാർച്ച് വരെയും, 2017 ജൂൺ- മാർച്ച് കാലയളവിലും കിട്ടിയത് യാത്രബദ്ധ ഉൾപ്പെടെ 26,200 രൂപയാണ്. 2018 ൽ തസ്തിക പാർട്ട് ടൈം ആക്കി. മുഴുവൻ സമയവും ജോലി ചെയ്യാമെന്ന് കരാറും ഒപ്പുവപ്പിച്ചു. ശമ്പളം 14,000 രൂപയായി വെട്ടിക്കുറച്ചു.
''
ജോലി ചെയ്യാൻ തയ്യാറായി നിയമനം കാത്തിരിക്കുന്നവരോട് സർക്കാർ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണ്"
പി.കെ. അനിൽകുമാർ, സ്പെഷ്യലിസ്റ്റ്
ടീച്ചേഴ്സ് അസോ.സംസ്ഥാന സെക്രട്ടറി