പാലാ : സ്വാതന്ത്ര്യ സമരസേനാനിയുടെ പേരിൽ, ലക്ഷങ്ങൾ മുടക്കി പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിന്റെ പൂമുഖ വാതിൽക്കൽ ആർച്ച് നിർമ്മിച്ചത് എന്നും അടച്ചിടാനാണോ? ആദരിച്ചില്ലെങ്കിലും മൺമറഞ്ഞ ജനകീയ നേതാവ് ചെറിയാൻ ജെ. കാപ്പനെ ഇങ്ങനെ അപമാനിക്കരുതേ. ഏതു കാര്യത്തിലും 'രാഷ്ട്രീയം' ചേരുമ്പോൾ മഹാത്മാക്കളുടെ മുന്നിൽ പോലും വാതിലുകൾ കൊട്ടിയടക്കാൻ അധികൃതർക്ക് മടിയില്ല. പത്തുലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിൽ , സ്വാതന്ത്ര്യ സമര സേനാനിയും, മുൻ എം.പി.യും, നഗരപിതാവുമൊക്കെയായിരുന്ന ചെറിയാൻ. ജെ. കാപ്പന്റെ സ്മരണയ്ക്കായി ആർച്ച് നിർമ്മിച്ചത്. അന്നുവരെ ചെറിയാൻ കാപ്പന്റെ പേരിലുണ്ടായിരുന്ന മുനിസിപ്പൽ ഐ.ടി.സി പൂട്ടിയപ്പോൾ പകരമായാണ് ഓർമ്മക്കായി മുനിസിപ്പൽ സ്റ്റേഡിയത്തിന് 'ചെറിയാൻ. ജെ.കാപ്പൻ ' മെമ്മോറിയൽ സ്‌റ്റേഡിയമെന്ന് നാമകരണം ചെയ്തത്. ഇതിനെച്ചൊല്ലിയും വിവാദങ്ങൾ ഉയർന്നിരുന്നു.
തുറക്കാത്ത കവാടം എന്തിന്
ഇരുപത് കോടിയോളം മുടക്കി അത്യാധുനിക നിലവാരത്തിൽ പണിത സിന്തറ്റിക്ക് സ്റ്റേഡിയത്തിന്റെ പൂമുഖ വാതിൽ അടച്ചിടാൻ മുടന്തൻ ന്യായങ്ങളുണ്ട്. എന്നാൽ ഇത്ര പ്രശ്‌നമുള്ള ഭാഗത്ത് ലക്ഷങ്ങൾ മുടക്കി എന്തിന് മെയിൻ ഗേറ്റും, ആർച്ചും, സ്മാരകവും പണിതെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. നിർമ്മാണം തങ്ങളുടെ കാലത്തല്ലായിരുന്നൂവെന്ന് തൊടുന്യായം നിരത്താനാണ് എല്ലാവർക്കും താത്പര്യം. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഓർമ്മക്കായി 'തുറക്കാത്ത കവാടം' നിർമ്മിച്ചത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് കായിക താരങ്ങളുടെയും പൊതുപ്രവർത്തകരുടെയും അഭിപ്രായം.
1.സ്‌റ്റേഡിയത്തിലേക്ക് ളാലം തോട്ടുമുക്കിനു വേറെ ഗേറ്റും,വഴിയും വന്നു
2.മെയിൻ ഗേറ്റിന് സമീപം ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നു
3. ഗേറ്റ് തുറന്നാൽ വാഹനങ്ങൾ എവിടെ പാർക്കു ചെയ്യും
ആർച്ച് നിർമ്മാണത്തിന് ചെലവഴിച്ചത് : 10 ലക്ഷം
സ്റ്റേഡിയം കമ്മിറ്റിയിലും ചർച്ച
ഇന്നലെ ചേർന്ന മുനിസിപ്പൽ സ്റ്റേഡിയം കമ്മിറ്റിയിലും വിഷയം ചർച്ചയായി. മെയിൻ ഗേറ്റ് എത്രയും വേഗം തുറക്കണമെന്ന് ബി.ജെ.പി പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടം, സി.പി.എം പ്രതിനിധി റോയി ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു. ഗേറ്റ് തുറന്ന് കൊടുത്താൽ സ്റ്റേഡിയത്തിൽ വരുന്നവരുടെ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യാമെന്നും ഇരുവരും പറഞ്ഞു.
ബസ് സ്റ്റോപ്പ് മാറ്റുമോ മെയിൻഗേറ്റിന് മുന്നിലാണ് ഇപ്പോൾ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതെന്ന വാദം വാസ്തവമാണ്. എന്നാൽ വെയിറ്റിംഗ് ഷെഡാകട്ടെ ഇവിടെ നിന്ന് ഇരുപത് മീറ്റർ മുന്നിലാണ്. ബസുകളുടെ സ്റ്റോപ്പ് അവിടേക്ക് മാറ്റിയാൽ സ്റ്റേഡിയം കവാടത്തിലെ യാത്രക്കാരുടെ കാത്തുനിൽപ്പ് ഒഴിവാകും.