ചിറക്കടവ് : മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠൻ രോഗം മൂലം അവശതയിലാണെന്നും ശരിയായ ചികിത്സ നൽകണമെന്നും ഹിന്ദുഐക്യവേദിയും , വിവിധ ഹൈന്ദവസംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. നാട്ടാന പരിപാലനച്ചട്ട പ്രകാരം ആയുർവേദ ഡോക്ടർ അടക്കമുള്ള വിദഗ്ദ്ധസംഘം ചികിത്സിക്കണം. കഴിഞ്ഞ തവണ നീരിൽ കെട്ടിയതിന് ശേഷം ഭേദപ്പെട്ടപ്പോഴും ആനയെ അഴിക്കാൻ തയ്യാറാകാതിരുന്ന ദേവസ്വം ബോർഡ് അധികാരികളെ മറികടന്ന് ഫോറസ്റ്റ് അസി.സർജൻ ഡോ.കിഷോർ മുൻകൈയെടുത്താണ് അഴിപ്പിച്ചതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് അനിൽ മാനമ്പള്ളി, പി.ജെ.ജയകുമാർ എന്നിവർ പറഞ്ഞു.
ആറന്മുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് ശേഷം ചെങ്ങന്നൂരിൽ തളച്ച ആനയ്ക്ക് കലശലായ അസ്വസ്ഥതകൾ ഉണ്ടായപ്പോൾ നാട്ടുകാരിടപെട്ട് ആനയെ ചിറക്കടവിലെത്തിക്കുകയായിരുന്നു. വായപൊളിച്ച നിലയിൽ ആന ഏറെ നേരം നിൽക്കുകയാണ്. വായടയ്ക്കുമ്പോൾ അപശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. മൂക്കിലൂടെ ഏതുനേരവും സ്രവം പുറന്തള്ളുന്നുണ്ട്. നാട്ടാന പരിപാലന ചട്ടപ്രകാരം ആനയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുഗുണമല്ല ആനത്തറി. അപകടകരമായ ആനത്തറിയുടെ പുനർനിർമാണം ബോർഡിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. നടപടികൾ വൈകുന്ന പക്ഷം ബോർഡ് ഓഫീസിലേക്ക് നാമജപയാത്ര നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
ആരോഗ്യനില തൃപ്തികരമെന്ന് ദേവസ്വം
തിരുനീലകണ്ഠന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പരാതിപ്രകാരം അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വനംവകുപ്പ് അസി.സർജൻ ഡോ.കിഷോർ സാക്ഷ്യപ്പെടുത്തിയതായി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ആർ.പ്രകാശ് പറഞ്ഞു. വലതുപിൻകാൽ ഏന്തി വലിയുന്നതാണ് കുഴപ്പം. ദേവസ്വംബോർഡിന്റെ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥിന്റെ ചികിത്സ തുടരും. തിരുനീലകണ്ഠനെയും ദേവസ്വംബോർഡിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആനയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.