തലയോലപ്പറമ്പ്: പെരുവ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഡിറ്റോറിയം ചോർന്നൊലിക്കുന്നതായ പരാതി. വെള്ളം ഒഴുകിപോകാൻ വച്ച പാത്തി ദ്രവിച്ചതോടെയാണ് നനഞ്ഞൊലിക്കുവാൻ തുടങ്ങിയത്. ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയായവർഷം തന്നെ ചോർച്ച തുടങ്ങിയിരുന്നു. ഇപ്പോൾ ഓഡിറ്റോറിയത്തിന്റെ എല്ലാ ഭാഗത്തും ചോർച്ചയാണ്. ഓഡിറ്റോറിയത്തിന്റെ തറയിൽ ഇട്ടിരിക്കുന്ന ടൈലുകൾ നിലവാരമില്ലാത്തവയാണെന്ന ആക്ഷേപവുമുണ്ട്. നിർമ്മാണ തകരാർ മൂലം തറയിലെ ടൈലുകൾ ഇളകിയ നിലയിലാണ്. കടുത്തുരുത്തി എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്ന് വർഷം മുമ്പ് ഓഡിറ്റോറിയം നിർമ്മിച്ചത്. 420ൽപ്പരം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ തായ്‌ക്കോണ്ട, കരാട്ടേ, യോഗ പരിശീലനങ്ങളും സ്‌കൂളിന്റെ മറ്റു പൊതുപരിപാടികളും ഈ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്. മഴക്കാലത്ത് രണ്ടാം നിലയിലെ വരാന്തയിൽ ഓഡിറ്റോറിയത്തിന്റെ ഷീറ്റിൽ നിന്നും വീഴുന്ന വെള്ളത്തിൽ കുട്ടികൾ തെന്നി വീഴുന്നതും പതിവാണ്. ഓഡിറ്റോറിയം നിർമ്മിച്ച കരാറുകാരനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും ഓഡിറ്റോറിയം പുനരുദ്ധരിക്കണമെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.