പൊൻകുന്നം : മിനി സിവിൽ സ്റ്റേഷനിലെ ജലസംഭരണിയിൽ നായയെ ചത്ത് അഴുകിയ നിലയിൽ കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. ഒരുലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ജലസംഭരണി പമ്പ്ഹൗസിൽ സ്ലാബിട്ട് മൂടി സുരക്ഷിതമായ നിലയിലാണ് സംരക്ഷിച്ചുവന്നത്. കഴിഞ്ഞ രണ്ടുമാസം മുൻപ് കുഴൽ കിണറ്റിൽ നിന്ന് വെള്ളം ലഭിക്കാതായതിനെ തുടർന്ന് ജലസംഭരണിയിൽ നിന്ന് മോട്ടോർ സ്ഥാപിച്ച് വെള്ളമെടുത്തിരുന്നു. എന്നാൽ മൂടാനുപയോഗിച്ച സ്ലാബ് പിന്നീട് അടച്ചില്ല. സ്ലാബ് മാറ്റി തുറന്നു കിടന്ന ജലസംഭരണിയിൽ പട്ടി വീണത് അജ്ഞാതമാണ്. പമ്പ് ഹൗസ് ചില ദിവസങ്ങളിൽ തുറന്നു കിടക്കുന്നതായി പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാപ്പിൽ നിന്ന് വരുന്ന വെള്ളത്തിന് നിറവ്യത്യാസവും രുചിവ്യത്യാസവും വന്നിരുന്നതായി ജീവനക്കാർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസറെയടക്കം വിവരം ധരിപ്പിച്ചിട്ടുണ്ട്.