തലയോലപ്പറമ്പ്: കേരള സാഹിത്യ അക്കാദമിയുടെയും വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 25ാമത് ചരമ വാർഷികവും സാഹിത്യോസവവും സംഘടിപ്പിച്ചു. പാലാം കടവ് ബഷീർസ്മരക മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നിർവ്വഹിച്ചു. മലയാള ഭാഷ സാഹിത്യത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരൻ ബഷീറിനെപ്പോലെ മറ്റൊരാളില്ലെന്നും ജീവിതത്തിലും സാഹിത്യത്തിലും ഒരു പ്രത്യേക ദേശത്തെയോ ജനസമൂഹത്തെയോ മാത്രം അവതരിപ്പിക്കാതെ സമസ്ത ചരചരങ്ങളെയും തന്റെ സാഹിത്യ ലോകത്തിലേക്ക് അവാഹിച്ച കലാകാരനായിരുന്നു ബഷീർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.പി കെ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.കാലിക്കറ്റ് സർവ്വകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. സ്റ്റാലിൻ, ഡോ.എച്ച് സദാശിവൻ പിള്ള, കഥാകൃത്ത് സീമാ സാംബശിവൻ, തങ്കമ്മ വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ.സി .എം കുസുമൻ സ്വാഗതവും ട്രസ്റ്റ് അംഗം ആർ. പ്രസന്നൻ നന്ദിയും പറഞ്ഞു.