ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ നടപടി നേരിട്ട ജില്ലാ പൊലീസ് മേധാവി വീണത് സ്വയം കുഴിച്ച കുഴിയിൽ. രാജ്കുമാറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്നാണ് മരിച്ചതെന്ന് വാർത്തകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ കീഴുദ്യോഗസ്ഥരുടെ തലയിൽ വച്ച് ഊരാനായിരുന്നു ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ ശ്രമം. രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ നാല് ദിവസം കസ്റ്റഡിയിൽ മർദ്ദനത്തിരയാക്കിയ കാര്യ തന്നെയാരും അറിയിച്ചില്ലെന്നായിരുന്നു എസ്.പി ആദ്യഘട്ടത്തിൽ പറഞ്ഞത്. മാത്രമല്ല, പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റാണ് രാജ്കുമാർ മരിച്ചതെന്നും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും എസ്.പി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെയാണ് കേസിൽ എസ്.പിക്കുള്ള പങ്ക് ഓരോന്നായി പുറത്ത് വന്നത്. എസ്.പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടു. രാജ്കുമാറിന്റെ കൈയിൽ നിന്ന് നിക്ഷേപകരുടെ പണം എങ്ങനെയും കണ്ടെത്തണമെന്ന് എസ്.പി അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പിക്കും എസ്.ഐയ്ക്കും നിർദ്ദേശം നൽകിയിരുന്നു. എസ്.ഐയടക്കമുള്ള പൊലീസുകാരുടെ ചോദ്യം ചെയ്യലിൽ പണം കിട്ടാതെ വന്നതോടെ ഡിവൈ.എസ്.പിയോട് ചോദ്യം ചെയ്യാനും എസ്.പി നിർദ്ദേശിച്ചിരുന്നു. 12ന് വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആരോഗ്യനില മോശമാണെന്ന് 13നും 14നും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും കട്ടപ്പന ഡിവൈ.എസ്.പിയെയും രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് രണ്ട് ദിവസം കൂടി രാജ്കുമാറിനെ മർദ്ദിച്ച് പണം എവിടെയെന്ന് കണ്ടെത്തണമെന്ന് എസ്.പി നിർദ്ദേശിച്ചു. എസ്.പിയുടെ വാട്സ്ആപ് നമ്പരിലേക്ക് നെടുങ്കണ്ടം എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കുമാറിന്റെ ചിത്രവും കേസ് വിവരങ്ങളും യഥാസമയം നൽകിയിരുന്നു. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ മർദ്ദിച്ചത് എസ്.പിയുടെ നിർദേശപ്രകാരമാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്.ഐ കെ.എ. സാബു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകിയതാണ് കൂടുതൽ കുരുക്കായത്. കേസിൽ എസ്.പിയുടെ പങ്ക് വ്യക്തമാക്കി ഇന്നലെ ഡി.ജി.പിക്ക് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുരുക്ക് ഓരോന്നായി മുറുകിയപ്പോൾ ജില്ലയിലെ സി.പി.എമ്മിന്റെ വിശ്വസ്തനായ എസ്.പിയെ സംരക്ഷിക്കാൻ പാർട്ടിക്കുമായില്ല. എസ്.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്നലെ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും എസ്.പിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.