കോട്ടയം : രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന തോട്ടഭാഗം - ചങ്ങനാശേരി റോഡിന്റെ ഓടയിലൂടെ മാലിന്യങ്ങൾ പാടത്തേക്ക് ഒഴുക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറി. റോ‌ഡ് നിർമ്മാണത്തിൽ ഭാഗമായുള്ള ഓടയുടെ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പാടത്തേക്ക് മാലിന്യം ഒഴുക്കാനുള്ള ഓടയുടെ നിർമ്മാണം നിർത്തിവയ്ക്കാനും മറ്റു വഴികളിലൂടെ മാലിന്യം ഒഴുക്കിവിടാനും കരാറുകാർക്ക് അധികൃതർ നിർദ്ദേശം നൽകി. റോഡിന്റെ ആഞ്ഞിലിത്താനം ജംഗ്‌ഷൻ ഭാഗത്തെ ഓടയുടെ ചാൽ പാടശേഖരത്തിലേക്ക് തുറക്കുന്ന രീതിയിൽ അധികൃതർ നിർമ്മാണവും തുടങ്ങിയിരുന്നു. അഴുക്ക്ചാലിന്റെ നിർമ്മാണം ആശാസ്ത്രീയമാണെന്ന് ആരോപിച്ച് കർഷകരാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് നാട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചു. സ്ഥലത്തെത്തിയ പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ ജാസ്മിൻ, പാടശേഖരസമിതി പ്രസിഡന്റ് എം.കെ.ശശിധരൻ, സെക്രട്ടറി മാത്യു ചെറിയാൻ, കർഷകരായ വേലായുധൻ, രാഘവൻ, സാജൻ,അച്ചൻകുഞ്ഞ്, ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.