ഉരുട്ടിക്കൊലയിൽ കൂടുതൽ അറസ്റ്റ് ഉടൻ
കോട്ടയം: ഹരിത ഫിനാൻസ് മാനേജർ മഞ്ജുവിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സ്ഥാപനത്തിന്റെ എം.ഡി ഏലപ്പാറ സ്വദേശിനി ശാലിനി ജാമ്യത്തിലിറങ്ങി മുങ്ങിയതായി സംശയം. ശാലിനിയെ രണ്ടു ദിവസമായി പൊലീസ് അന്വേഷിച്ചുവരികയാണ്. നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ പണമിടപാടുകളെക്കുറിച്ച് ശാലിനിക്ക് അറിയാമായിരുന്നുവെന്ന് മഞ്ജു കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ തിങ്കളാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.
മഞ്ജുവിന്റെ വെളിപ്പെടുത്തലോടെ ശാലിനിയെ തേടി ക്രൈംബ്രാഞ്ച് സംഘം ഏലപ്പാറയിലെത്തുകയായിരുന്നു. എന്നാൽ, അവിടെ ബന്ധുക്കളോട് ചോദിച്ചപ്പോൾ ഇവിടെ എത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ചെങ്ങന്നൂരിലെ ഭർതൃവീട്ടിലും നെടുങ്കണ്ടത്തെ വാടകവീട്ടിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ശാലിനിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പത്താം തീയതി തൊടുപുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ശാലിനിയെ എത്തിക്കണമെന്ന് പൊലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശാലിനിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. എത്ര പണം പിരിച്ചെടുത്തു, എവിടെയാണ് നിക്ഷേപിച്ചത്, ആർക്കാണ് കൊടുത്തത്, ഹരിതയ്ക്ക് പിറകിൽ ആരാണ് തുടങ്ങിയ വിവരങ്ങളാണ് ശാലിനിയിൽ നിന്ന് ലഭിക്കേണ്ടത്.
അതേ സമയം വമ്പൻമാരാണ് ഹരിത ഫിനാൻസിന് പിറകിലെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളിപ്പിക്കാനാണ് ഇങ്ങനെയൊരു പദ്ധതി തയാറാക്കിയതെന്നാണ് അറിയുന്നത്. അതിന് രാജ്കുമാറിനെ മുന്നിൽ നിറുത്തി ഹരിത ഫിനാൻസ് ആരംഭിക്കുകയായിന്നു എന്നാണ് പറയപ്പെടുന്നത്. മലപ്പുറം സ്വദേശികളെ ചുറ്റിപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം മലപ്പുറത്തേക്ക് പോയിട്ടുണ്ട്.
തട്ടിപ്പിനു പിന്നിൽ രാഷ്ട്രീയത്തിലെ ചില പ്രമുഖരുണ്ടെന്ന സൂചനയെ തുടർന്ന് ശാലിനിക്ക് ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നല്കിയിട്ടുണ്ട്. എന്നാൽ ഇത് പൊലീസ് നിഷേധിച്ചിട്ടുണ്ട്.
തട്ടിപ്പുകേസിലെ ഒന്നാം പ്രതി രാജ്കുമാർ മരിച്ചതോടെ ശാലിനിയിൽ നിന്ന് മഞ്ജുവിൽ നിന്നുമാണ് ഇന് വിവരങ്ങൾ ലഭിക്കേണ്ടത്. ശാലിനിക്ക് എല്ലാം അറിയാമെന്ന് മഞ്ജു പറഞ്ഞതോടെ ഇതിനുള്ള സാദ്ധ്യത തള്ളിക്കളയാൻ സാധിക്കില്ല. ഇതിനിടെ, ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റിയതിനെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന ആറ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് സംഘം തെളിവുകൾ ശേഖരിച്ചുതുടങ്ങി. ഇതിൽ ഡ്രൈവർ നാസറിന്റെ പങ്ക് വ്യക്തമായി കഴിഞ്ഞു. നാസറിനെ കൂടാതെ മറ്റൊരു പൊലീസുകാരന്റെ പങ്കും വ്യക്തമായിട്ടുണ്ട്. ഇന്നോ നാളെയോ അറസ്റ്റ് ഉണ്ടാവും.എന്നാൽ നാസറിനെ കേസിൽ നിന്ന് ഒഴിവാക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഏറിയതായും അറിയുന്നു.