ജനമൈത്രി പൊലീസ് എങ്ങനെ കൊലമൈത്രി പൊലീസായെന്ന് ചോദിച്ചുപോവുകയാണ് ചുറ്റുവട്ടത്തുള്ളവർ. പ്രതിയെന്ന നിലയിൽ കസ്റ്റഡിയിൽ എടുക്കുന്ന മനുഷ്യനെ ഉരുട്ടിക്കൊല്ലാൻ ആരാണ് ഏമാന്മാർക്ക് ലൈസൻസ് നൽകിയത്. ? രാത്രി ഡ്യൂട്ടിക്ക് വന്നവരെല്ലാം കസ്റ്റഡിയിലെടുത്ത ആളുടെ മുട്ടു ചിരട്ടവരെ തകർത്തിട്ട് മുറിവിൽ കാന്താരി മുളക് അരച്ചു തേച്ചു. പിന്നീട് തൈലം പുരട്ടി തിരുമി. തിരുമുകാരനുള്ള കാശ് പ്രതിയിൽ നിന്ന് അടിച്ചു മാറ്റിയ കാശിൽ നിന്നായിരുന്നു നൽകിയത്.ഇതെല്ലാം പൊലീസുകാർ സമ്മതിച്ച കാര്യങ്ങളാണെന്നറിയുമ്പോൾ ഇവർ കാക്കി കുപ്പായമിട്ട കാപാലികരാണോ എന്നാണ് നാട്ടുകാരുടെ സംശയം. പൈസ എവിടെയെന്ന് ചോദിച്ചു മർദ്ദിക്കുക. പിടിച്ചെടുക്കുന്ന പണത്തിൽ നിന്ന് വൻ തുക അടിച്ചു മാറ്റുക. ഇതൊക്കെ കാണുമ്പോൾ പിടിച്ചു പറിയാണോ പൊലീസുകാരുടെ ജോലി എന്ന് ആരാണെങ്കിലും ചോദിച്ചു പോകും.

പണ്ട് രാജനെ ഉരുട്ടി കൊന്ന കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചതോടെ പ്രാകൃത പൊലീസ് മുറകൾ അവസാനിച്ചുവെന്നാണ് നാട്ടുകാർ കരുതിയത്. പഴയ പത്താംക്ലാസും ഗുസ്തിയുമുള്ള പൊലീസുകാരുടെ സ്ഥാനത്ത് ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവർ ഏറിയതോടെ ഇതിനൊക്കെ മാറ്റം വരുമെന്നു കരുതിയിരുന്നു.

പൊലീസുകാരെ ജനങ്ങൾ ഭയക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് ജനമൈത്രി പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുന്ന നാട്ടുകാരുടെ തന്തയ്ക്കും തള്ളയ്ക്കും വിളി ഒഴിവാക്കാനാണ് ആര് വിളിച്ചാലും 'ഗുഡ് മോണിംഗും ഗുഡ് ഈവനിംഗ്' പറഞ്ഞ് ഫോൺ എടുക്കണമെന്ന കർശന നിർദ്ദേശമുണ്ടായത് .സ്റ്റേഷനിൽ വരുന്നവർക്ക് ഇരിക്കാൻ കസേരയും കുടിക്കാൻവെള്ളവും വച്ച് നാട്ടുകാരുടെ പേടി മാറ്റാനുള്ള ശ്രമവും ജനമൈത്രിയോടെ തുടങ്ങി. ഫ്ലാറ്റുകളിലും വീടുകളിലും കയറിയിറങ്ങി പൊലീസ് ബന്ധുവും സുഹൃത്തുമാണെന്ന സന്ദേശവും നൽകി വലിയൊരു മാറ്റത്തിന് തുടക്കമിടാൻ ജനമൈത്രിക്ക് കഴിഞ്ഞു.

ഇപ്പോഴും അങ്ങനെയൊക്കെയാണോ എന്നു ചോദിച്ചാൽ അങ്ങനെയുള്ളവരും ഉണ്ടെന്നേ അനുഭവസ്ഥരായ നാട്ടുകാർക്ക് പറയാൻ കഴിയൂ. പൊലീസ് സേന അടിമുടി മാറേണ്ട സമയം കഴിഞ്ഞിട്ടും പുഴുക്കുത്തുകളുടെ എണ്ണം കൂടുകയാണ്. ജില്ലാ പൊലീസ് മേധാവിക്കു വരെ ഉരുട്ടിക്കൊലയുടെ വിവരങ്ങൾ അറിയാമെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.ഉരുട്ടിക്കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച എസ്.ഐ ഇപ്പോൾ ജയിലിൽ തടവുകാർക്കൊപ്പം കഴിയുന്നുവെന്നത് പൊലീസ് സേനയ്ക്കു നാണക്കേടാണ്.പൊലീസ് വാൻ ഓടിക്കേണ്ട ഡ്രൈവറുടെ ജോലിയാണോ കസ്റ്റഡിയിൽ എടുത്ത ആളെ മർദ്ദിക്കുക എന്നു ചോദിച്ചാൽ 'എമ്പ്രാനൽപ്പം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്ന പഴഞ്ചൊല്ലാണ് ഓർമ വരിക.

ഉന്നത വിദ്യാഭ്യാസമുള്ളവർ സേനയിൽ വന്നതു കൊണ്ട് കാര്യമില്ല . പരിശീലനവും പരിശീലകരുമാണ് അടിമുടി മാറേണ്ടതെന്നാണ് പൊലീസ് സേനയിൽ നടക്കുന്ന സംഭവപരമ്പരകൾ ഓർമ്മപ്പെടുത്തുന്നത്. സഹപ്രവർത്തകയായ ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ചു കത്തിച്ചുകൊല്ലാൻ പൊലീസുകാരൻ തയ്യാറായെങ്കിൽ അത് സേനയുടെ അപചയമെന്നു പറയേണ്ടി വരും. കസ്റ്റഡിയിലെടുക്കുന്നവരോട് മനുഷ്യത്വത്തോടെ പെരുമാറാനുളള പരിശീലനമാണ് ആദ്യം നൽകേണ്ടത്. പണക്കാരുടെയും അധികാരസ്ഥാനത്തിരിക്കുന്നവരുടെയും താത്പര്യം സംരക്ഷിക്കുന്നതിനു പകരം ജനങ്ങൾക്കൊപ്പം നിൽക്കാനാണ് പഠിപ്പിക്കേണ്ടത്.

ജീവിക്കാനുള്ള ശമ്പളം ഇന്ന് പൊലീസുകാർക്ക് ലഭിക്കുന്നുണ്ട്. കൈക്കൂലി നൽകിയാലേ കാര്യം സാധിക്കൂ അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനം വേണം എന്ന സ്ഥിതി നീതിയല്ല. ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവരായി പൊലീസുകാർ മാറിയാൽ സഹികെട്ട് നാട്ടുകാർ കൈവയ്ക്കുന്ന അവസ്ഥ ഉണ്ടാകും.അത്തരമൊരു നാണക്കേടിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് തലപ്പത്തുള്ള വല്യ ഏമാന്മാരോടും അവരെ ഭരിക്കുന്ന കോവർ കഴുതകളോടും കഴുതകളായ പൊതു ജനങ്ങൾക്ക് ഓർമിപ്പിക്കാനുള്ളത്...