ചങ്ങനാശേരി : പ്രവേശനോത്സവത്തിന് വിദ്യാർത്ഥി സംഘടനകൾ കോളേജ് കവാടത്തിന് മുന്പിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ വഴിമുടക്കികളായിരുന്നു. നടപ്പാതയിലെ ഫ്ളക്സ് ബോർഡുകൾ കാരണം കാൽനടപോലും ദുഷ്ക്കരമാണ്. ബോർഡുകളിലും തോരണങ്ങളിൽ തട്ടി വീഴുന്നത് ഇവിടെ പതിവാണ്. പെരുന്ന എൻ.എസ്.എസ് കോളേജിലെ നവാഗത വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേത്യത്വത്തിൽ സ്ഥാപിച്ച ബോർഡുകളാണ് നാട്ടുകാർക്ക് തലവേദനയായിരിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ബോർഡുകൾ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേയ്ക്ക് മാറ്റിയെന്നല്ലാതെ നാട്ടുകാരുടെ ബുദ്ധിമുട്ടിന് കുറവൊന്നുമില്ല.
മാത്രമല്ല, മറ്റ് അലങ്കാരങ്ങൾ പ്രധാന റോഡിൽ നിന്ന് പൂർണ്ണമായി നീക്കിയിട്ടുമില്ല. തടിയിലും തുണിയിലും ആണിയടിച്ച് ഉറപ്പിച്ച ബോർഡുകളും അലങ്കാരങ്ങും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന നഗരസഭയുടെ നിർദ്ദേശത്തെ കാറ്റിൽപ്പറത്തിയാണ് വിദ്യാർത്ഥി സംഘടനകളുടെ ഈ പരാക്രമം.