അടിമാലി: ടൂറിസം വികസനത്തിലൂടെ തദ്ദേശിയർക്ക് തൊഴിലും ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനുമുള്ള സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ അടിമാലി പഞ്ചായത്ത് ഉത്തരവാദിത്വടൂറിസം പദ്ധതിയിലേക്ക് ചുവട് വെക്കുന്നു. അടിമാലി യിലെ കാഴ്ചകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച്
ഉത്തരവാദിത്വ ടൂറിസം എന്ന നവീന ആശയത്തിന്റെ ചുവട് പിടിച്ച് സ്വന്തമായ ടൂറിസം പദ്ധതിയ്ക്ക് രൂപം നൽകുകയാണ് പഞ്ചായത്ത്.
വെള്ളച്ചാട്ടങ്ങൾ പുൽമേടുകൾ സാഹസികത നിറഞ്ഞ ട്രക്കിംഗ് മേഖലകൾ, ദൂരകാഴ്ചകളും, വിസ്മയം പകർന്ന് നൽകുന്ന വ്യൂ പോയന്റുകൾ, അപകടരഹിതമായ പുഴ കടവുകൾ, നീർചാലുകൾ എന്നിവയൊക്കെ സഞ്ചാരികൾ പരിചയപ്പെടുത്തും. നാണ്യ വിളകളും സുഗന്ധവ്യഞ്ജനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന ഗ്രാമീണരുടെ സംഭരം ഭങ്ങളും രൂപീകരിക്കും. ഫാം ഹൗസ് സന്ദർശനം, താമസം, ഏറുമാടത്തിലെ താമസം തുടങ്ങി ഒരു സഞ്ചാരി ആഗ്രഹിക്കുന്നത് എന്തും പഞ്ചായത്ത് പ്രദേശത്ത് ലഭ്യമാക്കുന്ന ബൃഹത് പദ്ധതിക്കാണ് പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ടൂറിസം കൗൺസിൽ രൂപീകരിക്കും. കെ ടി ഡി സി, ഡി ടി ഡി സി, സംസ്ഥാന ഗവൺമെന്റ് പ്രതിനിധികളുമായി ബന്ധപ്പെട്ട് പദ്ധതിയുടെ തുടർ നടത്തിപ്പുകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ദീപ രാജീവും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ് സിയാദ് എന്നിവർ അറിയിച്ചു.
ടൂറിസം പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുന്നതിലേക്കായി ഇന്ന് വൈകുന്നേരം 3ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലയിലുള്ളവരുടെ യോഗം ചേരും.
ഉത്തരവാദിത്വ ടൂറിസം
ഉത്തരവാദിത്വ ടൂറിസം എന്നത് ടൂറിസം മേഖലയിലെ ഒരു ബദൽ പ്രവർത്തനമാണ്. ഒരു നാടിന്റെ ആകർഷണങ്ങളെയും പ്രകൃതി മനോഹാരിതയെയും കലാപരമായ പ്രർത്തനങ്ങളെയും ആസൂത്രിത വിപണന തന്ത്രങ്ങളിലൂടെ വിനോദ സഞ്ചാര വ്യവസായമായി പരിവർത്തനം ചെയ്യമ്പോൾ തദ്ദേശസമൂഹത്തിനെന്തു ഗുണം ലഭിക്കുമെന്ന അന്വോഷണവും ടൂറിസം വികസനത്തിന്റെ അശാസ്ത്രീയ സമീപനങ്ങൾക്കെതിരായി ഉയർന്നു വന്ന ജനകീയ പ്രതിഷേധങ്ങളുമാണ് ഉത്തരവാദിത്വ ടൂറിസം എന്ന ആശയത്തിന്റെ പരീക്ഷണ പ്രയോഗശാലായായി കേരളത്തെ മാറ്റാൻ പ്രേരിപ്പിച്ചത്. ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങൾ പരമാവധി വർദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന നിലയിൽ ഉത്തരവാദിത്വ ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു.
ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ തദ്ദേശവാസികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി 2008 ൽ കുമരകം, കോവളം, തേക്കടി, വൈത്തിരി (വയനാട്) എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു.ഈ പ്രദേശങ്ങളിൽ തദ്ദേശവാസികളെ ഉൾപ്പെടുത്തി ഹോട്ടൽ വ്യവസായത്തിനും വിനോദ സഞ്ചാരികൾക്കും ആവശ്യമായ സാധനസാമഗ്രികളുടെ ഉത്പാദനത്തിനും വിതരണത്തിനും സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും തുല്യ പ്രധാന്യം നൽകുന്നു.