kum

കോട്ടയം : കുമരകംടൂറിസം വികസനം, റബർ ഉത്തേജന പാക്കേജ് ...കേന്ദ്രബഡ്ജറ്റിൽ കോട്ടയത്തിന്റെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ കിട്ടിയതാകട്ടെ വട്ടപ്പൂജ്യം. 17 ഐക്കാണിക് ടൂറിസം കേന്ദ്രങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്നുള്ള പ്രഖ്യാപനത്തിൽ കുമരകമെന്ന പേരുപോലുമില്ല. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ് കുമരകത്ത് കായൽ സൗന്ദര്യം നുകർന്നും കായൽ കാറ്റേറ്റും ഒരാഴ്ച താമസിച്ചപ്പോൾ കുമരകം ടൂറിസം വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടൂറിസം ഭൂപടത്തിൽ കുമരകമെന്ന പേര് ഉയർന്നത് അങ്ങനെയാണ്. മുൻ കേന്ദ്ര ടൂറിസം മന്ത്രിയും മലയാളിയുമായ അൽഫോൻസ് കണ്ണന്താനം കുമരകത്തിനായി പ്രഖ്യാപിച്ച 100 കോടി രൂപയും പാഴ്‌വാക്കാണോയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

റബർ കർഷകരെ കൈവിട്ടു

റബർ വിലയിടിവിനെ തുടർന്ന് ഭൂരിഭാഗം പേരും കൃഷി ഉപേക്ഷിച്ച് ഉത്പാദനം 30 ശതമാനം കുറഞ്ഞ സാഹചര്യത്തിൽ 200 രൂപ തറവില വേണമെന്നായിരുന്നു എൻ.ഡി.എ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസിന്റെ ആവശ്യം. പ്രത്യേക റബർനയം കേന്ദ്രസർക്കാർ കൊണ്ടുവരുമെന്ന് കണ്ണന്താനവും പ്രഖ്യാപിച്ചിരുന്നു. റബർ ഇറക്കുമതി നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കോട്ടയത്ത് റബർബോർഡ് ആസ്ഥാനത്ത് പല യോഗങ്ങളും വിളിച്ചിരുന്നു. എല്ലാം കടലാസ് പ്രഖ്യാപനമായി. റബർബോർഡിനുള്ള വിഹിതത്തിൽ കഴിഞ്ഞ ബഡ്ജറ്റിൽ 172 കോടി അനുവദിച്ചെങ്കിൽ ഇത്തവണ 170 കോടിയായി. ടീ ബോർഡിനും പത്തുകോടി കുറച്ചു.

വൻകിട ടയർകമ്പനിക്കൾക്ക് ആവോളം

റബർ കർഷകരെ സഹായിക്കാനൊന്നുമില്ലെങ്കിലും വൻകിട ടയർ കമ്പനികളെ സഹായിക്കാനുള്ള നടപടികൾ ബഡ്ജറ്റിൽ ആവോളമുണ്ട്. വ്യവസായികൾ ആശ്രയിക്കുന്ന കൃത്രിമറബറിന് ഇറക്കുമതി നികുതി കൂട്ടിയില്ല. റബർ ഉത്പാദനം ഒരു വർഷം നാലു ലക്ഷം ടൺ വരെ താഴുന്ന സാഹചര്യത്തിൽ റബർ ഇറക്കുമതി ചെയ്യേണ്ടി വരും. നികുതി വർദ്ധിപ്പിച്ചാലേ ഇറക്കുമതി കുറയൂ. ഉത്പാദന കുറവ് പറഞ്ഞ് വ്യവസായികൾക്ക് കൂടുതൽ റബർ ഇറക്കുമതി ചെയ്യാൻ അവസരം നൽകുന്നതോടെ ആഭ്യന്തര വിപണിയിൽ റബർ വില ഇനിയും ഇടിയും. റബർ കർഷകർ കുത്തുപാളയെടുക്കേണ്ട ഗുരുതര സ്ഥിതി വരും