കോട്ടയം : വാഹനും അതിസുരക്ഷാ നമ്പർ പ്ലേറ്റും 'ഉടക്കി'യതോടെ മൂന്നുമാസത്തിലേറെയായി ആ‌ർ.സി ബുക്ക് വിതരണം പ്രതിസന്ധിയിൽ. അതിസുരക്ഷാ നമ്പർ പ്ലേറ്റിലെ കോ‌ഡ് നമ്പർ, വാഹന ഡീല‌ർമാർ മോട്ടോർവാഹന വകുപ്പിന്റെ 'വാഹൻ" വെബ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. 2700 ഓളം വാഹനങ്ങൾക്കാണ് ആ‌ർ.സി ബുക്ക് ലഭിക്കാത്തത്.

കഴിഞ്ഞ ഏപ്രിൽ 1 ന് ശേഷം നിർമ്മിച്ച എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. ഡീലർമാർ നമ്പർ പ്ലേറ്റ് സൗജന്യമായി ഉടമയ്‌ക്ക് നൽകണം. ഉടമയുടെ വിവരങ്ങൾ ഡീലർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഇതിനായി ഓരോ ഡീലർക്കും വാഹൻ വെബ് സൈറ്റിന്റെ ലോഗിൻ മോട്ടോർ വാഹനവകുപ്പ് നൽകിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ, രജിസ്‌ട്രേഷൻ നമ്പർ ഉടമയുടെ മൊബൈലിൽ ലഭിക്കും. ഈ നമ്പർ പഞ്ച് ചെയ്‌ത നമ്പർ പ്ലേറ്റ് ഡീലർമാർ തന്നെ തയ്യാറാക്കി വാഹനത്തിൽ ഘടിപ്പിക്കണം. നമ്പർ പ്ലേറ്റിലെ രഹസ്യ ബാർ കോഡ് വെബ് സൈറ്റിൽ നൽകിയാലേ ആ‌ർ.സി ബുക്ക് പ്രിന്റ് ചെയ്യാനാകൂ. കേരളത്തിൽ ഒരു ഏജൻസിയ്‌ക്ക് മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമ്മിക്കാൻ അംഗീകാരമുള്ളത്. ഇതാണ് വാഹന ഡീലർമാരെയും പ്രതിസന്ധിയിലാക്കിയത്.

അതിസുരക്ഷാ നമ്പർ പ്ലേറ്റ് എന്ത്

രജിസ്‌ട്രേഷൻ നമ്പർ കൂടാതെ ബാർ കോഡും, രഹസ്യ നമ്പരും അടങ്ങുന്നതാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ്. ഇത് ഘടിപ്പിച്ച വാഹനങ്ങളുടെ മുന്നിലെ ഗ്ലാസിൽ ബാർ കോഡ് പതിപ്പിക്കും. ബാർ കോഡ് സ്‌കാൻ ചെയ്‌താൽ വാഹനത്തിന്റെ വിശദാംശങ്ങൾ ലഭിക്കും. വാഹനങ്ങളുടെ നമ്പ‌ർ പ്ലേറ്റ് മാറ്റിയുള്ള തട്ടിപ്പ് ഒരു പരിധി വരെ തടയാനും ഇതുവഴിയാകും.

ആർ.സി ബുക്ക് ലഭിക്കാത്തത് : 2700 വാഹനങ്ങൾക്ക്

''ആർ.സി ബുക്ക് വിതരണം പ്രതിസന്ധിയിലാക്കുന്ന വാഹനഡീലർമാരെ വിലക്കുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കും."

മോട്ടോർ വാഹനവകുപ്പ് അധികൃതർ