കോട്ടയം: പൊതുസ്ഥലത്തെ മലിനീകരണം തടയാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ ഇറക്കിയ സർക്കുലർ ചുവപ്പുനാടയിൽ കുരുങ്ങി.

നല്ല നിലയിൽ മാലിന്യസംസ്കരണം നടത്തുന്ന പഞ്ചായത്തുകളിൽപോലും പൊതുസ്ഥലത്തും ജലാശയങ്ങളിലും ജനങ്ങൾ മലിന്യം വലിച്ചെറിയുന്നത് തുടരുകയാണെന്നും ഇതിനെതിരെ ബോധവത്കരണവും തുടർന്ന് കർശനമായ നിയമനടപടിയും സ്വീകരിക്കണമെന്നും നിർദ്ദേശിക്കുന്നതാണ് ഡയറക്ടർ കഴിഞ്ഞമാസം പുറത്തിറക്കിയ സർക്കുലർ. സംസ്ഥാനത്ത് ഇരുപത് ലക്ഷം ആളുകൾക്ക് ബോധവത്ക്കരണം നൽകാനാണ് ഹരിതകേരളം മിഷൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബോധവത്കരണത്തിന് ശേഷവും മലിനീകരണം തുടരുന്നവർക്കെതിരെ അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാർ കർശന നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.

അതേസമയം പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഡയറക്ടറുടെ സർക്കുലർ കണ്ടഭാവം നടിച്ചിട്ടില്ല. മേലാവിൽ നിന്നുള്ള എല്ലാ ഉത്തരവുകളും പാലിക്കേണ്ടതില്ല എന്ന ചിന്താഗതിയിൽ സർക്കുലർ അവഗണിച്ച മട്ടിലാണ് പലരും. ചില പഞ്ചായത്തുകൾ പേരിനൊരു പരിപാടി നടത്തി തടിതപ്പാനുള്ള ശ്രമത്തിലുമാണ്. സർക്കുലർ പുറത്തിറങ്ങി ഒരുമാസത്തോളമായിട്ടും നാട്ടിലെങ്ങും ഇത്തരമൊരു ജനകീയ കാമ്പയിൻ നടന്നതായി ആർക്കും അറിവില്ല.

'ഹരിത നിയമങ്ങൾ' കൈപ്പുസ്തകം

പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുതകുന്ന വിവിധ നിയമങ്ങളുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി 'ഹരിതനിയമങ്ങൾ' എന്ന പേരിൽ ഹരിതകേരളം മിഷനും, കിലയും ചേർന്ന് തയ്യാറാക്കിയ കൈപ്പുസ്തകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിച്ചിട്ടുണ്ട്.

നിർദ്ദേശങ്ങൾ

 ഹരിതകേരളം മിഷന്റെ നിയമബോധവത്കരണ കാമ്പയിനിൽ സെക്രട്ടറിമാർ സജീവമായി ഇടപെടണം.

എല്ലാ വാർഡുകളിലും പരിശീലന പരിപാടികൾ നടക്കുന്നുവെന്ന് സെക്രട്ടറിമാർ ഉറപ്പുവരുത്തണം.

 തദ്ദേശ സ്ഥാപനം സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടുത്തി ആവശ്യമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം.

 മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം

നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച നടപടി അതത് മാസം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യണം