പാലാ : പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ മെയിൻ ഗേറ്റിനെ ചൊല്ലി നഗരസഭാ ഭരണപക്ഷത്ത് രാഷ്ട്രീയപോര് തലപൊക്കുന്നു.
നഗരസഭാ ഭരണത്തിന് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിലെ ഉന്നതനേതാവിന്റെ നിർദേശപ്രകാരമാണ് സ്റ്റേഡിയത്തിന്റെ പ്രധാന കവാടം തുറക്കാത്തതെന്ന് ഭരണപക്ഷ കൗൺസിലർ ടോണി തോട്ടം 'കേരളകൗമുദി ' യോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്നലെ 'കേരളകൗമുദി ' പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയർപേഴ്‌സൺ മനസ്സുവെച്ചാൽ അഞ്ച് മിനിറ്റുകൊണ്ട് പ്രധാന കവാടം തുറപ്പിക്കാവുന്നതേയുള്ളൂവെന്നും ടോണി തോട്ടം പറയുന്നു. ഭരണ നേതൃത്വത്തിനെതിരെയുള്ള ടോണിയുടെ പ്രസ്താവന പാർട്ടിക്കുള്ളിൽ വലിയ വിവാദത്തിന് വഴിവെച്ചേക്കും.
സ്വാതന്ത്ര്യസമര സേനാനിയും, മുൻ എം.പി.യും, നഗരപിതാവുമായിരുന്ന ചെറിയാൻ. ജെ. കാപ്പന്റെ പേരിലാണ് സ്റ്റേഡിയത്തിന്റെ പ്രധാന കവാടം നിർമ്മിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയായിരുന്നു നിർമ്മാണചെലവ്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഒരുതവണ പോലും പ്രധാനകവാടം തുറന്നിട്ടില്ല. നഗരസഭയുടെ ഈ നടപടി ചെറിയാൻ സി.കാപ്പനെ അപമാനിക്കുന്നതിന് തുല്യമാണെന്ന ആരോപണം വ്യാപകമാണെന്ന് ഇന്നലെ 'കേരള കൗമുദി ' റിപ്പോർട്ടു ചെയ്തിരുന്നു.
ചെറിയാൻ കാപ്പന്റെ പേരിലുണ്ടായിരുന്ന മുനിസിപ്പൽ ഐ.ടി.സി പൂട്ടിയപ്പോൾ പകരമായാണ് ഓർമ്മക്കായി മുനിസിപ്പൽ സ്റ്റേഡിയത്തിന് 'ചെറിയാൻ. ജെ.കാപ്പൻ ' മെമ്മോറിയൽ സ്റ്റേഡിയമെന്ന് നാമകരണം ചെയ്തത്. മുമ്പ് ഇതിനെച്ചൊല്ലിയും വിവാദങ്ങൾ ഉയർന്നിരുന്നു.
ഇതിനിടെയാണ് വിഷയത്തിൽ ഭരണപക്ഷ കൗൺസിലർ ടോണി തോട്ടം കേരളകോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
അതേസമയം സ്റ്റേഡിയത്തിന്റെ പ്രധാനകവാടം തുറക്കരുതെന്ന് കേരളാകോൺഗ്രസ് എം. നേതൃത്വം നിലപാട് എടുത്തതായി തനിക്ക് അറിയില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ വ്യക്തമാക്കി. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ഭൂരിപക്ഷം നിലപാട് എന്താണോ അത് അംഗീകരിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.