പാലാ: പൊൻകുന്നം ഭാഗത്തു നിന്നെത്തുന്ന ബസുകൾ നേരെ കൊട്ടാരമറ്റത്തേക്ക് പോകുന്നതിൽ നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ താലൂക്ക് വികസനസമിതിയിൽ പുതിയ നിർദ്ദേശവുമായി ജോയിന്റ് ആർ.ടി.ഒ ഷിബു. ബസുകൾ പാലാ
കുരിശുപള്ളിക്കവല വഴി ടൗൺ സ്റ്റാൻഡിലെത്തി ആളെ ഇറക്കിയ ശേഷം നേരെ കൊട്ടാരമറ്റത്തേക്കുപോകണമെന്നാണ് നിർദ്ദേശം. ഈ നിർദ്ദേശം ഒരാഴ്ചക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ വികസന സമിതി യോഗത്തിൽ തീരുമാനമായി. മുൻപ് പൊൻകുന്നം ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ നഗരത്തിലെത്തി കിഴതടിയൂർ ബാങ്കിന് സമീപം, സ്റ്റേഡിയം ജംഗ്ഷൻ, ടൗൺപ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ ആളെ ഇറക്കിയ ശേഷം റിവർവ്യൂറോഡുവഴി കൊട്ടാരമറ്റം സ്റ്റാൻഡിലേക്കു
പോവുകയായിരുന്നു പതിവെങ്കിലും ഗതാഗതക്കുരുക്ക് മൂലം ഇപ്പോൾ സ്വകാര്യ ബസുകൾ വലിയ പാലത്തിനു സമീപം ആളെ ഇറക്കിയ ശേഷം കൊട്ടാരമറ്റം സ്റ്റാൻഡിലേക്കു പോവുകയാണ് ഇപ്പോൾ ചെയ്യുന്നത്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായിരുന്നു. തുടർന്ന് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് താലൂക്ക് വികസനസമിതിയിൽ ആർ.ടി.ഒ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്.
മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ അനധികൃത തോട് കയ്യേറ്റം സംബന്ധിച്ച പരാതി പഞ്ചായത്തിനു നൽകാനും യോഗത്തിൽ തീരുമാനമായി. ഭരണങ്ങാനം പ്രവിത്താനം റോഡിൽ ചിറ്റാനപ്പാറ ഭാഗത്ത് താമസിക്കുന്ന 20 കുടുംബങ്ങൾക്ക് നടപ്പു വഴിമാത്രമേ ഉള്ളു എന്ന പരാതി സംബസിച്ച് ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുമെന്ന് തഹസിൽദാർ യോഗത്തെ അറിയിച്ചു. റീസർവേ അപാകത മൂലം പുരയിടം, തോട്ടം ആയി മാറിയത് സംബന്ധിച്ച വിഷയത്തിൽ നിലവിലുള്ള സർവ്വേ നമ്പർ പ്രകാരം ഇളവ് അനുവദിച്ച ഭൂമിയുടെ ലിസ്റ്റ് പരസ്യപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ യോഗത്തിൽ പറഞ്ഞു. മീനച്ചിൽ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന വികസന സമിതി യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രേംജി അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ തഹസിൽദാർ പി.എസ്. മധുസൂദനന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ താലൂക്ക് വികസനസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുത്തു.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ
മേലുകാവ് പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നിർമ്മാണം പൂർത്തിയാക്കൽ പൊതു മരാമത്ത് വകുപ്പിനു നൽകും
പാലാ ടൗൺ ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡ് നിർമ്മാണം, സ്ഥലനാമങ്ങൾ എഴുതിയ ബോർഡുകൾ
സ്ഥാപിക്കൽ എന്നീ പരാതികൾ മുൻസിപ്പാലിറ്റിക്ക് കൈമാറും
വിളക്കുമാടം, കാഞ്ഞിരത്താനം, പൂവത്തോട് റോഡിലെ ബാരിക്കേഡ്, ദിശാബോർഡ്, എന്നിവ സംബന്ധിച്ച പരാതികൾ പൊതുമരാമത്ത് വകുപ്പിന് കൈമാറും
കാവുങ്കൽ എൽ.പി. സ്‌കൂളിനു സമീപമുള്ള ട്രാൻസ്‌ഫോർമർ സംബന്ധിച്ച പരാതി കെ.എസ്.ഇ.ബിയ്ക്ക് കൈമാറും
യാത്രാദുരിതത്തിനും പരിഹാരം
ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പാലാ മുതൽ ഈരാറ്റുപേട്ട വരെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ട അപകടാവസ്ഥയിൽ ഉള്ള കുഴികൾ സംബന്ധിച്ച പരാതി കെ.എസ്.ടി.പി.ക്ക് നൽകാനും, പാലാ-ഈരാറ്റുപേട്ട റൂട്ടിൽ രാവിലെ 9നും 10നും ഇടയിലും വൈകിട്ട് 5നും 6നും ഇടയിലും സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ നിലവിൽ സർവീസ് നടത്തുന്നില്ല എന്നുള്ള
പരാതി കെ.എസ്.ആർ.ടി.സിയ്ക്കു നൽകാനും യോഗം തീരുമാനിച്ചു.