തലയോലപ്പറമ്പ് : വൈക്കം റോഡ് റെയിൽവേ മേൽപ്പാലത്തിന് വിള്ളലുകൾ വീണ് അപകടാവസ്ഥയിലായിട്ടും നടപടിയെടുക്കാതെ റെയിൽവേയും പൊതുമരാമത്തുവകുപ്പും പരസ്പരം കൈമലർത്തുന്നു. മൂന്ന് വർഷം മുൻപാണ് കോടികൾ മുടക്കി വൈക്കം റോഡിലെ ആപ്പാഞ്ചിറയിൽ പഴയ മേൽപ്പാലം പൊളിച്ച് പുതിയ മേൽപ്പാലം നിർമ്മിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത് മാസങ്ങൾക്കുള്ളിൽ വിള്ളലുകൾ രൂപപ്പെട്ടു. വിള്ളലുകളിലൂടെ വെള്ളം താഴെ ഇറങ്ങി കമ്പികൾ ദ്രവിച്ച് മേൽപ്പാലം അപകടാവസ്ഥയിലാകാൻ സാദ്ധ്യത ഏറെയാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു. നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതേസമയം വൈക്കം റോഡ് റെയിൽവേ മേൽപ്പാലം പൊതുമരാമത്തുവകുപ്പിന് കൈമാറിയിട്ടുള്ളതാണെന്നും അതിനാൽ തന്നെ ഇനിയുള്ള നിർമ്മാണ പ്രവർത്തനം പൊതുമരാമത്താണ് ചെയ്യേണ്ടതെന്നും സതേൺ റെയിൽവേ ചീഫ് എൻജിനീയർ ഷാജി സക്കറിയ പറഞ്ഞു. വിള്ളലുകൾ വീണ സംഭവത്തിൽ റെയിൽവേ എറണാകുളം ഡെപ്യൂട്ടി എൻജിനീയറോട് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റെയിൽവേ മേൽപ്പാലം പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായിട്ടുള്ള യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. കൈമാറുന്നതിന് മുമ്പുള്ള അപാകതകൾക്ക് റെയിൽവേയ്ക്കാണ് ഉത്തരവാദിത്വമെന്നും അവർ പറയുന്നു.

* ഷാജി സക്കറിയ (സതേൺ റെയിൽവേ ചീഫ് എൻജിനീയർ, തിരുവനന്തപുരം)

വൈക്കം റോഡ് മേൽപ്പാലം പൊതുമരാമത്തുവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇനിയുള്ള നിർമ്മാണത്തിന്റെ ചുമതല അവർക്കാണ്.

* ശ്രീലേഖ (എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്തുവകുപ്പ് കോട്ടയം)

മേൽപ്പാലം പൊതുമരാമത്തുവകുപ്പിന് കൈമാറിയതായിട്ടുള്ള യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. കൈമാറ്റത്തിന്

മുമ്പ് ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കേണ്ടത് റെയിൽവേ അധികൃതരാണ്.

* റാണി (എക്സി.പൊതുമരാമത്ത് വകുപ്പ് വൈക്കം)

പൊതുമരാമത്തുവകുപ്പിന് കൈമാറിയതായിട്ടുള്ള യാതൊരു രേഖകളും ഇതുവരെയും ഓഫീസിൽ ലഭിച്ചിട്ടില്ല.