കോട്ടയം: നഗരത്തിലെ അനധികൃത മാലിന്യ നിക്ഷേപത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ഇറച്ചിക്കോഴിക്കടകളാണെന്ന ആക്ഷേപം ശക്തമാകുന്നു. നഗരത്തിലുള്ള നിരവധി കോഴിക്കടകളിൽ ഒന്നിനുപോലും സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്. കോട്ടയം നഗരത്തിലും പരിസരത്തുമായി അൻപതിലേറെ ഇറച്ചിക്കോഴി വ്യാപാരശാലകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എത്ര എണ്ണത്തിന് രജിസ്ട്രേഷൻ ഉണ്ടെന്ന കാര്യത്തിൽ നഗരസഭയ്ക്കുപോലും വ്യക്തതയില്ല. കടകളിൽ നിന്ന് ദിവസവും ഉരുത്തിരിയുന്ന കിലോക്കണക്കിന് മാലിന്യം രാത്രികാലങ്ങളിൽ ചാക്കിൽക്കെട്ടി പൊതുനിരത്തിലൊ ജലാശയങ്ങളിലൊ തള്ളുകയാണ് ചെയ്യുകയാണെന്നാണ് ആക്ഷേപം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള രജിസ്‌ട്രേഷൻ അപേക്ഷയ്‌ക്കൊപ്പം സ്വന്തം ചെലവിൽ മാലിന്യം സംസ്‌കരിച്ചുകൊള്ളാമെന്ന് 200 രൂപയുടെ മുദ്രപത്രത്തിൽ എഴുതിക്കൊടുത്താൽ ആർക്കും കോഴിക്കട നടത്താൻ അനുമതി കിട്ടും. ഇങ്ങനെ എഴുതി നൽകിയ സത്യവാങ്മൂലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറില്ല. കോഴിക്കടക്കാരും നഗരസഭ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് പരിശോധന നടത്താത്തതിനുള്ള കാരണമെന്നും ആക്ഷേപം ശക്തമാണ്.
ഒരുകിലോ കോഴിക്ക് 400 ഗ്രാം മാലിന്യം
ഒരുകിലോ തൂക്കമുള്ള ഇറച്ചിക്കോഴിയെ സംസ്കരിക്കുമ്പോൾ തലയും കാലും കുടലുമൊക്കെയായി കുറഞ്ഞത് 400 ഗ്രാം മാലിന്യം മിച്ചമുണ്ടാകും. ഇത്തരത്തിൽ ആയിരക്കണക്കിന് കോഴികളെയാണ് ഓരോ ദിവസവും കോട്ടയത്തുമാത്രം കശാപ്പുചെയ്യുന്നത്. പകൽ സമയം കടകളിലെ ജാറിനുള്ളിൽ സൂക്ഷിക്കുന്ന മാലിന്യം വൈകുന്നേരമാകുമ്പോൾ ചാക്കിലാക്കി വിജനമായ സ്ഥലങ്ങളിലൊ തോടുകളിലൊ ഉപേക്ഷിക്കും. ചില കടകളിൽ നിന്ന് പന്നി ഫാമുകളിലേക്ക് എന്ന് പറഞ്ഞുകൊണ്ടുപോകുന്ന മാലിന്യവും ഇടവഴികളിൽ ചോരാറുണ്ടെന്നും ആക്ഷേപമുണ്ട്.
ലൈസൻസ് വ്യവസ്ഥയിലെ ഇളവ്
12 ലക്ഷംരൂപയിൽ താഴെ വിറ്റുവരവുള്ള കടകൾക്ക് ലൈസൻസ് ആവശ്യമില്ല. അതുകൊണ്ടുതന്നെ ആർക്കും എവിടെയും ഇറച്ചിക്കോഴി വിൽപ്പന നടത്താം. ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ഇറിച്ചിക്കോഴിയെ നികുതിപരിധിയിൽ നിന്ന് ഒഴിവാക്കിയതുകൊണ്ട് വിറ്റുവരവിന്റെ കണക്ക് പരിശോധിക്കാനും സംവിധാനമില്ല. അതുകൊണ്ട് എല്ലാ കടകളും എല്ലാക്കാലത്തും12 ലക്ഷത്തിൽ താഴെയായി നിലനിൽക്കും. അതുകൊണ്ട് ലൈസൻസ് ഇല്ലാത്ത കടകൾ എവിടെ, എങ്ങനെ പ്രവർത്തിച്ചാലും ആരും ചോദിക്കില്ല.