അടിമാലി: മാങ്കുളത്ത് മലപ്പുറം സ്വദേശികളായ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് പത്തോളം പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മാങ്കുളം പാമ്പുംകയത്തായിരുന്നു അപകടം. പതിനാല് പേരടങ്ങുന്ന സംഘമായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവർ പാമ്പുംകയത്തുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു താമസിക്കാനിരുന്നത്. റിസോർട്ടിനോട് ചേർന്നുള്ള ഭാഗത്ത് ഇറക്കം ഇറങ്ങുന്നതിനിടയിൽ ട്രാവലറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾക്കും പ്രാഥമിക ചികിത്സകൾക്കും ശേഷം സഞ്ചാരികൾ നാട്ടിലേക്ക് മടങ്ങി.