കോട്ടയം: തങ്ങൾക്കെതിരായ കേസുകളുടെ ചെലവിനായി പണം കണ്ടെത്താൻ ജില്ലയിലെ ഗുണ്ടാ സംഘങ്ങൾ കഞ്ചാവ് കച്ചവടത്തിലേയ്‌ക്ക് . ഏറ്റുമാനൂർ, മെഡിക്കൽ കോളേജ്, ചങ്ങനാശേരി എന്നിവിടങ്ങളിലെയും കുമരകം അടക്കമുള്ള പടിഞ്ഞാറൻ മേഖലകളിലെയും ഗുണ്ടാ സംഘങ്ങളാണ് കഞ്ചാവ് മാഫിയ സംഘമായി മാറിയിരിക്കുന്നത്.

ഗുണ്ടാ ആക്‌ട് പ്രകാരം ജയിലിൽ കഴിഞ്ഞിരുന്ന ഒരു പ്രതി അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ്, ആർപ്പൂക്കര, കുടമാളൂർ, ഗാന്ധിനഗർ പ്രദേശങ്ങളിൽ മുഖ്യമായും കഞ്ചാവ് വിൽപ്പന നടക്കുന്നത്.

കഞ്ചാവ് മാഫിയ സംഘങ്ങൾ എക്‌സൈസിനെയും പൊലീസിനെയും പോലും ആക്രമിക്കുന്ന സംഭവങ്ങളിലേയ്ക്ക് കാര്യങ്ങൾ മാറിയിരുന്നു. ഗുണ്ടാ സംഘത്തലവനും കൊലക്കേസ് പ്രതിയുമായ അലോട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ചിരുന്നു. ഗുണ്ടാ നേതാവ് നിഥിന്റെ നേതൃത്വത്തിലാണ് അയ്‌മനത്ത് വീടിനു നേരെ ബോംബേറ് നടത്തിയതും ശാസ്ത്രി റോഡിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതും. കഴിഞ്ഞ മാസം കുടമാളൂരിൽ വീടിനും സ്ഥാപനങ്ങൾക്കും മുന്നിൽ പെട്രോൾ ബോംബ് സ്ഥാപിച്ച് ഭീഷണി മുഴക്കിയത് കഞ്ചാവ് മാഫിയ സംഘത്തലവൻ ജീമോന്റെ നേതൃത്വത്തിലായിരുന്നു. പാറമ്പുഴയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ പിടിയിലായ യുവാക്കൾ എല്ലാവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നു. ഏറ്റവും ഒടുവിൽ തിരുവാതുക്കലിൽ വീട് കയറി കഞ്ചാവ് മാഫിയ ആക്രമണം നടത്തുകയും, യുവാവിന്റെ തല അടിച്ച് പൊട്ടിക്കുകയും ചെയ്‌തു.

ആറായിരം മുടക്കിയാൽ ലാഭം ഒരു ലക്ഷം

ആറായിരം രൂപയ്‌ക്ക് തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും തേനിയിൽ നിന്നും ലഭിക്കുന്ന കഞ്ചാവ് ചെറുപൊതികളാക്കി കേരളത്തിൽ വിൽക്കുമ്പോൾ ഒരു ലക്ഷം രൂപ വരെയാണ് ലാഭമായി ലഭിക്കുന്നത്. ഒരു പൊതിയ്‌ക്ക് അഞ്ഞൂറ് രൂപ വരെയാണ് ഈടാക്കുന്നത്. സ്‌കൂൾ, കോളേജ് വിദ്യാ‌ർത്ഥികളെയാണ് ഗുണ്ടാ സംഘം പ്രധാനമായും കഞ്ചാവ് കടത്തിന് ഇടനിലയായി നിർത്തുന്നത്. ഇവർക്ക് വേണ്ട സംരക്ഷണവും ലഹരിയും പണവും നൽകും. നൂറിലേറെ കുട്ടികൾ ഇത്തരത്തിൽ മാഫിയ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.