വൈക്കം : ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന്
സ്​റ്റാഫ് കൗൺസിൽ. ചികിത്സ നിഷേധിക്കപ്പെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ട സംഭവത്തിലെ രോഗി ഇപ്പോഴും അതേ ഡോക്ടറുടെ ചികിൽസയിൽ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു.

രോഗി ഡ്യൂട്ടി സിസ്​റ്ററോടോ, ഡ്യൂട്ടി ഡോക്ടറോടോ യാതൊരു പരാതിയും പറയാത്ത സമയത്ത്, രോഗിയുടെ വിവരം പറയുവാനെന്ന രീതിയിൽ ഡോക്ടറുടെ വീട്ടിൽ ചെന്ന് ആസൂത്രിതമായി ഒരു വിഭാഗം ആളുകൾ സംഘടിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയോ, രോഗിയുടെ ബന്ധുക്കളോ ഡോക്ടറുടെ വീട്ടിൽ ചെല്ലുന്നത് നിയമ വിരുദ്ധമാണെന്നിരിക്കേ,
രോഗിയുടെ അവസ്ഥ രോഗിയുടെ കൂടെ ആശുപത്രിയിൽ കൂട്ടിരുന്നവരോട് വിശദമാക്കിയിട്ടും,
കാര്യങ്ങൾ അന്വേഷിക്കാനെന്ന ഭാവേന ആളുകൾ സംഘടിച്ചെത്തിയത് ഗൂഢാലോചനയുടെ ഭാഗമായി കാണേണ്ടിയിരിക്കുന്നു. തൊഴിലിടങ്ങളിൽ ജീവനക്കാർക്കും ഡോക്ടർമാർക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും, ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിച്ച് സർക്കാർ ആശുപത്രിയെ തകർക്കുവാനുള്ള നീക്കം ചെറുത്ത് തോല്പിക്കുവാൻ വൈക്കത്തെ പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്നും

സ്​റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു. സ്​റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ രാജ് കൃഷ്ണൻ, ആർ എം ഒ ഡോ ഷീബ എസ് കെ, സീനിയർ ഡോക്ടർമാരായ ഡോ.ഗീത കെ നായർ, ഡോ വിനോദ് പി, ജീവനക്കാരുടെ പ്രതിനിധി അഭിലാഷ് എന്നിവർ സംസാരിച്ചു.