കോട്ടയം : വാടകയ്‌ക്ക് വാഹനം എടുത്ത് പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ കെ.എസ് അരുൺ (26) , പനച്ചിക്കാട് പൂവന്തുരുത്ത് പവർ ഹൗസ് മാങ്ങാപ്പറമ്പിൽ ജസ്റ്റിൻ വർഗ്ഗീസ് (26), മലപ്പുറം മേലാറ്റൂർ പള്ളിപ്പടി ചാലിയത്തോടിക വീട്ടിൽ അഹമ്മദ് ഇർഫാനൂൽ ഫാരിസ് (ഇർഫാൻ-21), തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ വീട്ടിൽ ദിലീപ് (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികൾ മദ്ധ്യകേരളത്തിൽ നിന്നു മാത്രം തട്ടിയെടുത്തത് നൂറിലേറെ കാറുകളാണെന്ന് പൊലീസ് പറഞ്ഞു.
ആയിരം രൂപയ്‌ക്ക് വാടകയ്‌ക്കെടുക്കുന്ന കാറുകൾ, സിനിമാ സെറ്റുകൾക്ക് 1500 മുതൽ 2000 രൂപയ്‌ക്ക് വരെ ദിവസ വാടകയ്‌ക്ക് മറിച്ചു നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാറുകൾ നിലവിൽ ഉപയോഗിക്കുന്നത്, യഥാർത്ഥ ഉടമ ആര് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കൊച്ചിയിൽ സിനിമാ സെറ്റുകളിൽ ഇത്തരത്തിൽ പതിനഞ്ചിലേറെ കാറുകൾ പ്രതികൾ വാടകയ്‌ക്ക് നൽകിയിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾ ഇപ്പോൾ കൈവശം വച്ചിരിക്കുന്നവരോട് സ്റ്റേഷനിൽ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാലു പ്രതികളുടെ ഫോൺ കാളുകൾ പരിശോധിച്ചതിൽ നിന്ന് ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ ബന്ധപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. വാഹനം തട്ടിയെടുത്ത പരാതി എത്തിയാൽ ഉടൻ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് കേസ് ഒത്തു തീർപ്പാക്കും. കേസിൽ ഇനി രണ്ടു പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്.