അടിമാലി: രണ്ടു വർഷമായി ഒളിവിലായിരുന്ന മാങ്കുളത്തെ കഞ്ചാവ് മൊത്തക്കച്ചവടക്കാരൻ പിടിയിലായി. മാങ്കുളം പെരുമ്പൻകുത്തിൽ താമസക്കാരനായ ചെമ്പൻ പുരയിടത്തിൽ അഭിലാഷാണ് പിടിയിലായത്. 2017 ജൂൺ 12ന് മാങ്കുളം റേഷൻ കട സിറ്റിയിൽ നാല് കിലോ കഞ്ചാവുമായി നിൽക്കുകയായിരുന്ന രണ്ടു പേരിൽ ഒരാളെ അന്ന് തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ട അഭിലാഷിനെ പിന്നീട് പലവട്ടം എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാൾ മാങ്കുളം, ആനക്കുളം, കുറത്തിക്കുടി മേഖലകളിലെ വനപ്രദേശങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഒരാഴ്ച തുടർച്ചയായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇന്ന് മാങ്കുളത്ത് നിന്നും അഭിലാഷിനെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ചെറിയ പരിക്കുകളും പറ്റി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോമി ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എസ്. ബാലസുബ്രമണ്യൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജു മാത്യു, കെ.എസ്. മീരാൻ, കെ.എം. സുരേഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.