അടിമാലി: അടിമാലിക്കാരനും തൃശൂരിലെ ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ പുതിയ രജിസ്ട്രാറായി ചുമതലയേറ്റ പ്രസിദ്ധ ആയുർവേദ അദ്ധ്യാപകനുമായ ഡോ: എ.കെ. മനോജ് കുമാറിനെ ആദരിക്കുന്നു. ആയുർവേദ മേഖലയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്. അടിമാലി സർവീസ് സഹകരണ ബാങ്കിൽ ദീർഘകാലം മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന പരേതനായ അടിമാലി മച്ചിപ്ലാവ് അമ്പിളി വിലാസത്തിൽ കുഞ്ഞൻ പിള്ളയുടെയും രുഗ്മിണിയുടെയും മകനാണ്. കോട്ടക്കൽ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വിഭാഗം പ്രൊഫസറും വകുപ്പ് തലവനുമായിരുന്ന ഡോ: മനോജ്, ആരോഗ്യ സർവകലാശാലയിലെ സ്റ്റുഡന്റ്സ് ഡീനായി പ്രവർത്തിച്ചു വരുകയായിരുന്നു. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ബിരുദ ബിരുദാനന്തര പഠനം, ജാംനഗറിൽ നിന്ന് പി.എച്ച്.ഡി എന്നിവയ്ക്ക് ശേഷം അദ്ധ്യാപകൻ, ചികിത്സകൻ, ഗവേഷകൻ, വാഗ്മി, ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനാണ്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദരിക്കുന്നത്. ഇന്ന് വൈകിട്ട് തൃശൂർ ഹോട്ടൽ പേൾ റിജൻസിയിൽ നടക്കുന്ന പരിപാടി കെ.വി. അബ്ദുൾ കാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആരോഗ്യ ശാസ്ത്ര സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ: എ.നളിനാക്ഷൻ മുഖ്യ പ്രഭാഷണം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് അദ്ധ്യക്ഷത വഹിക്കും.