കോട്ടയം : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന് മതിയായ ചികിത്സ നൽകാനോ, പരിശോധനകൾ പൂർത്തിയാക്കാനോ ജയിൽ ജീവനക്കാർ തയ്യാറായില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാർ ജയിൽ ഡി.ഐ.ജി സാം തങ്കയ്യയ്ക്ക് മൊഴി നൽകി.
രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചതിലും, വിദഗ്ദ്ധ ചികിത്സ നൽകുന്നതിലും ജയിൽ ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചു. യൂറോളജി വിഭാഗത്തിൽ രാജ്‌കുമാറിനെ പരിശോധിച്ച ശേഷം അൾട്രാസൗണ്ട് സ്‌കാനിംഗിന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, പരിശോധനാ ഫലങ്ങൾ കാണിക്കാതെ രാജ്കുമാറിനെ തിരികെ കൊണ്ടുപോയി.
ആന്തരിക പരിശോധനകൾ നടത്തി, കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ആർ.പി രഞ്ജിൻ,കാഷ്വാലിറ്റി സൂപ്രണ്ട് രാജേഷ് കുമാർ, സംഭവ ദിവസം കാഷ്യാലിറ്റിയിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.