കോട്ടയം: ആറാം ക്ലാസുകാരനെ സ്വകാര്യ ബസ് കണ്ടക്ടർ നടുറോഡിൽ ഇറക്കി വിട്ട സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് താക്കീത് ചെയ്‌ത് വിട്ടയച്ചു. കണ്ടക്‌ടറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും, ഇനി സംഭവം ആവർത്തിക്കില്ലെന്ന് എഴുതി വയ്‌പ്പിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ തുടർ നടപടികൾ ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഇന്നലെയാണ് ഇരുകൂട്ടരെയും മൊഴിയെടുക്കാൻ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ വിളിച്ചു വരുത്തിയത്. തുടർന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കൾ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന് അറിയിച്ചത്. തുടർന്ന് കണ്ടക്ടറെയും ബസ് ഉടമകളെയും വിളിച്ചു വരുത്തി താക്കീത് ചെയ്‌ത് വിട്ടയച്ചു. നേരത്തെ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻറ് ചെയ്തിരുന്നു. പരുത്തുംപാറ റൂട്ടിൽ സർവിസ് നടത്തുന്ന റൈസിംഗ് സൺ ബസിലെ കണ്ടക്ടർ കുറിച്ചി സ്വദേശി സൈജു കെ. തോമസിന്റെ ലൈസൻസാണ് ആർ.ടി.ഒ ബാബു ജോൺ ഏഴു ദിവസത്തേക്ക് സസ്പെൻറ് ചെയ്‌തത്. എം.ഡി സെമിനാരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ദിവസം ബസിൽ നിന്നും ഇറക്കി വിട്ടത്. കോഴിച്ചന്ത റോഡിൽ ഇറങ്ങേണ്ട കുട്ടിയെ രണ്ടു കിലോമീറ്റർ അകലെ പള്ളിപ്പുറത്ത് കാവ് സ്റ്റോപ്പിലാണ് ഇറക്കി വിട്ടത്.