തലയോലപ്പറമ്പ് :സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ ആളെ 107 സിലിണ്ടറുകളോടെ പൊലീസ് പിടികൂടി. വിതരണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് എയ്‌സ് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് 6ന് തലയോലപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം വാടക കെട്ടിടത്തിൽ ഗോഗ്യാസ് എന്ന പാചക വാതക വിതരണ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്യാസ് ഏജൻസിയിൽ നിന്നുമാണ് മതിയായ സുരക്ഷാ മാനദണ്ഡങ്ങളൊ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചതിന് പിടികൂടിയത്. ഐ.ഒ.സി ജില്ലാ സെയിൽസ് മാനേജർ വൈക്കം എ. സി. പി. ക്ക് നൽകിയ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് എസ് എച്ച് ഒ ക്ലീറ്റസ് കെ.ജോസഫ്, എസ്‌. ഐ ടി.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഥാപന ഉടമ തലയോലപ്പറമ്പ് പുത്തൻ വീട്ടിൽ മുഹമ്മദ് റാസി(43)നെ പിടികൂടിയത്. നാഗ്പുരിൽ നിന്നും കോമേഴ്‌സ്യൽ ഉപയോഗത്തിന്റെ വിതരണത്തിനായി എത്തിച്ച 10, 21 കിലോ വീതം അടങ്ങിയ പാചക വാതകത്തിന്റെ 80 നിറ സിലിണ്ടറും 27 കാലി സിലിണ്ടറും ആണ് പിടിച്ചെടുത്തത്. പിടികൂടിയ സിലിണ്ടറുകൾ വടയാർ ഭാഗത്തുള്ള ഐ ഓ സി യുടെ ഏജൻസി ഗോഡൗണിലേക്ക് മാറ്റി. പ്രതിയെ കോടതിയിൽ ഹാജരാക്കി.