കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ജില്ലയിൽ പകർച്ചവ്യാധികളും കരുത്താർജിക്കുന്നു.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജൂൺ 1 മുതൽ ജൂലായ് 6 വരെ ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി തുടങ്ങി കൊതുക് പരത്തുന്ന രോഗങ്ങളുടെ കാര്യത്തിൽ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണ്. ആവശ്യത്തിന് മഴപെയ്യാത്തതും, അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളും കൊതുകിന്റെ വംശവർദ്ധന വേഗത്തിലാക്കിയതും രോഗവ്യാപനത്തിന് കാരണമായി. കഴിഞ്ഞമാസം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് ഒരു മലമ്പനി രോഗിയെ കണ്ടെത്തിയതെങ്കിൽ ഈ മാസം ആദ്യ ആഴ്ചയിൽതന്നെ നാല് രോഗികളെക്കൂടി കണ്ടെത്തി. ഡെങ്കിപ്പനിയുടെ കാര്യത്തിലുമുണ്ട് ഇത്തരമൊരു കുതിച്ചുചാട്ടം. ജൂണിൽ 13 പേർക്കുമാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെങ്കിൽ ജൂലായ് 1 മുതൽ 6 വരെ മാത്രം 7 പേർക്ക് രോഗം ബാധിച്ചു. സാധാരണ പകർച്ചവ്യാധികളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് വെള്ളക്കെട്ട് കൂടുതലുള്ള പടിഞ്ഞാറൻ പ്രദേശങ്ങളാണെങ്കിൽ ഇത്തവണ മലയോരമേഖലകളിലാണ് കൊതുകിന്റെ ആക്രമണം കൂടിയിരിക്കുന്നത്.
36 ദിവസം 32 രോഗികൾ
എലിപ്പനി 7
ഡെങ്കിപ്പനി 20
മലമ്പനി 5
മലമ്പനി
കിടങ്ങൂർ, കറിക്കാട്ടൂർ, പായിപ്പാട്, എരുമേലി എന്നിവിടങ്ങളിൽ ഈ മാസവും കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞമാസവുമാണ് മലമ്പനി ബാധിച്ചത്.
ഡെങ്കിപ്പനി
ജൂണിൽ പാറത്തോട്, ഏറ്റുമാനൂർ, കോട്ടയം നഗരം, തലപ്പാലം, ആർപ്പൂക്കര, എലിക്കുളം, കറുകച്ചാൽ, വെള്ളൂർ, കൂരോപ്പട എന്നിവിടങ്ങളിൽ ഓരോ രോഗികളും മാടപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ രണ്ട് രോഗികളും
ജൂലായിൽ പള്ളിക്കത്തോട്, കറുകച്ചാൽ, മാടപ്പള്ളി (രണ്ട്), ഈരാറ്റുപേട്ട, കല്ലറ, വിജയപുരം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
എലിപ്പനി
മുത്തോലി, കല്ലറ, മുണ്ടക്കയം, തീക്കോയി, മറവൻതുരുത്ത്, കുറിച്ചി എന്നിവിടങ്ങളിൽ കഴിഞ്ഞമാസവും തൃക്കോതമംഗലത്ത് ഈമാസവും ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗികൾ മുൻ വർഷങ്ങളിൽ
വർഷം എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി
2014 25 30 51
2015 27 98 69
2016 65 543 49
2017 66 429 54
2018 130 125 39