school

കടുത്തുരുത്തി : ഗവൺമെന്റ് സ്കൂളുകളെല്ലാം ഉയർന്ന നിലവാരത്തിലേയ്ക്ക് ഉയരുമ്പോളും കല്ലറ ഗവൺമെന്റ് എസ്. എം. എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ അസൗകര്യങ്ങൾക്ക് നടുവിലാണ് പഠിക്കുന്നത്. നൂറിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇരുന്നു പഠിക്കുവാൻ ക്ലാസ് മുറികളോ ടോയിലറ്റ് സംവിധാനങ്ങളോ ഇവിടെ ഇല്ല. നീളം കൂടിയ ഹാൾ സ്ക്രീനുകളും ബോർഡുകളും വച്ച് വേർതിരിച്ചാണ് സ്കൂളുകളിൽ ക്ലാസുകൾ നടത്തി കൊണ്ട് പോകുന്നത്. ഇത് അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മതിയായ ക്ലാസ് മുറികൾ ഇല്ലാത്തതുമൂലം സ്കൂളിന്റെ സ്റ്റേജിലും, കമ്പ്യൂട്ടർ റൂമിലും ഇരുത്തിയാണ് പഠിപ്പിക്കുന്നത്. ഇതിന് പുറമേ സ്കൂളിൽ മതിയായ ടോയലറ്റ് സംവിധാനങ്ങൾ ഇല്ലാത്തതും കുട്ടികളെ ഏറെ വലയ്ക്കുന്നുണ്ട്. എൽ. പി സ്കൂളിന്റെ റോഡിന്റെ എതിവശത്തായി ഹൈസ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിൽ കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലാസ് മുറികളും ടോയ്ലറ്റ് സംവിധാനങ്ങളും നിർമ്മിച്ചിരുന്നു. എന്നാൽ സ്കൂളിന്റെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം ഇവിടെ ഇല്ലാത്തതാണ് വിദ്യാർത്ഥികളെ ഇങ്ങോട്ട് മാറ്റാത്തതിന്റെ കാരണം. സ്കൂളിലെ കിണറ്റിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കാൻ സാധിക്കും. ഇതിനായി കല്ലറ ഗ്രാമപഞ്ചായത്തിൽ നിന്നും ഫണ്ടും അനുവദിച്ചിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടിക്കും പൊതുമരാമത്ത് വകുപ്പിനും അപേക്ഷ നൽകിയിരുന്നു. എന്നാൽ പൈപ്പ് ഇടുന്നതിനായി റോഡ് കുഴിക്കുന്നതിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നൽകാത്താതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

പൈപ്പ് സ്ഥാപിച്ച് പുതിയ കെട്ടിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ വേണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.

* 100 ൽലതികം കുട്ടികൾ പഠിക്കുന്നു

* സ്ക്രീനുകളും ബോർഡുകളും വച്ച് വോർതിരിച്ച ക്ലാസ് മുറികൾ

* റ്റേജിലും, കമ്പ്യൂട്ടർ റൂമിലും ഇരുത്തി പഠിപ്പിക്കുന്നു

* വെള്ളം ഇല്ലത്തതിനാൽ പുതിയ കെട്ടിടത്തിലെയ്ക്ക് മാറൻ സാധിക്കന്നില്ല

*ടോയലറ്റ് സംവിധാനങ്ങൾ ഇല്ല