കോട്ടയം: വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി രാത്രിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷത്തോളം രൂപ. ശനിയാഴ്ച രാത്രി ഒൻപത് മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചു വരെയാണ് മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ പരിശോധന നടത്തിയത്. ആയിരത്തിലേറെ വാഹനങ്ങൾ പരിശോധിച്ചു. 346 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. അമിത ഭാരം കയറ്റിയെത്തിയ 49 തടിലോറികൾ, കൂടിയ പ്രകാശമുള്ള ലൈറ്റ് ഉപയോഗിച്ചതിനും ഡിം ചെയ്യാഞ്ഞതിനും 139 വാഹനങ്ങൾ, മറ്റു നിയമലംഘനങ്ങൾക്ക് 158 വാഹനങ്ങൾ എന്നിവയിൽ നിന്നാണ് നിന്നാണ് പിഴ ഈടാക്കിയത്.
ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശ പ്രകാരം, ജില്ലാ ആർ.ടി.ഒ ബാബു ജോൺ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വി.എം ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ പത്ത് സ്ക്വാഡുകളാണ് കോട്ടയം, ഏറ്റുമാനൂർ, പാലാ, പൊൻകുന്നം, ചങ്ങനാശേരി, എരുമേലി, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ പ്രധാന റോഡുകളിലെല്ലാം പരിശോധന നടത്തിയത്.
സുരക്ഷയില്ലാതെ പരിശോധന
രാത്രി കാല പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് യാതൊരു സുരക്ഷയുമില്ലാതെ. റിഫ്ളക്ടറുകൾ ഘടിപ്പിച്ച വസ്ത്രങ്ങളും, വാഹനം നിർത്തുന്നതിനുള്ള ലൈറ്റുകളുമായി വേണം രാത്രി പരിശോധനയ്ക്ക് ഇറങ്ങാനെന്നാണ് ചട്ടം. എന്നാൽ, ഇതൊന്നുമില്ലാതെ പരിശോധനയ്ക്കിറങ്ങിയ ഉദ്യോഗസ്ഥർ ഭാഗ്യം കൊണ്ടു മാത്രമാണ് പലപ്പൊഴും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൈ നീട്ടി വാഹനങ്ങൾ നിർത്താൻ ആവശ്യപ്പെടുമ്പോൾ, പലപ്പോഴും അടുത്ത് എത്തിയ ശേഷമാണ് ഡ്രൈവർമാർ ഉദ്യോഗസ്ഥരെ കാണുന്നത്. ഓടി മാറിയാണ് തങ്ങൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
346 വാഹനങ്ങളിൽ നിന്ന് പിഴ