കടുത്തുരുത്തി : കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിന് വിദ്യാഭ്യാസമാണ് പ്രധാനമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കടുത്തുരുത്തി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിനല്ല വിദ്യാഭ്യാസത്തിനാണ് വിദ്യാർത്ഥികൾ മുൻതൂക്കം നൽകേണ്ടത്. ഏത് തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. എന്നാൽ ഒരു തൊഴിൽ പഠിപ്പിച്ച് പുറത്തേക്ക് അയക്കുന്നതിനുള്ള സാഹചര്യം സർക്കാരുകൾ ഒരുക്കുന്നില്ല. ഇന്ന് പലരും വിദേശ രാജ്യങ്ങളിൽ പഠനവും ജോലിയും സമ്പാദിക്കുകയാണ് ചെയ്യുന്നത്. യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നാണ് പിന്നാക്കവകുപ്പ് രൂപീകരിക്കാൻ സർക്കാർ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ സി.എം ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി കെ.വി ധനേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂത്ത്മൂവ്മെന്റ് ജില്ലാ കോ- ഒാർഡിനേറ്റർ എം.പി സെൻ യുവജനസന്ദേശവും , യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സച്ചിദാനന്ദൻ അനുഗ്രഹ പ്രഭാഷണവും നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.സി ബൈജു അനുമോദന സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ എം.എസ് സന്തോഷ്, എം.ഡി ശശിധരൻ, ശിവാനന്ദൻ, വി.പി ബാബു, രാജൻ, ജയൻ പ്രസാദ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, സൈബർസേന ചെയർമാൻ സി.എസ് സനോജ്, കൺവീനർ കെ.എസ് സനീഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.ജി രാജേഷ് നന്ദിയും പറഞ്ഞു.