duke

കോട്ടയം: കോട്ടയം കോടിമത നാലുവരിപ്പാതയിൽ ഡ്യൂക്ക് ബൈക്ക് കാറിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. തൃക്കൊടിത്താനം കോട്ടമുറി ഗോകുലം പുത്തൻപറമ്പിൽ നന്ദകുമാറിന്റെ മകൻ അരുൺകുമാറിനെ (21) യാണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നുമണിയോടെ കോടിമത നാലുവരിപ്പാതയിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ചിങ്ങവനം ഭാഗത്തു നിന്നും വരികയായിരുന്നും അപകടത്തിൽപ്പെട്ട കാറും ബൈക്കും. പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

അപകടം ഇങ്ങനെ: പാലത്തിലേയ്‌ക്ക് കയറിയ കാറിനെ ഇടത് വശത്തു കൂടി മറികടക്കാൻ ബൈക്കുകാരൻ ശ്രമിച്ചു. ഇതിനിടെ എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനം വരുന്നത് കണ്ട് കാർ ഇടത്തേയ്‌ക്ക് വെട്ടിച്ചു. ഇതോടെ കാറും ബൈക്കും, ഇടതു വശത്തെ മൈൽക്കുറ്റിയിൽ ഇടിച്ചു. കാറിനും മൈൽക്കുറ്റിയ്‌ക്കും ഇടയിൽ കുരുങ്ങിയാണ് അരുൺകുമാറിന്റെ ഇടത് കാറിന്റെ മുട്ട് ചിരട്ട പൊട്ടി.

ഒാർമ്മിക്കൂ: നഗരങ്ങളിൽ ഇരുചക്രവാഹനയാത്രക്കാർ പതിവാക്കിയിരിക്കുന്ന ഒരു നിയമലംഘനമാണ് ഇടതുവശത്തു കൂടിയുള്ള ഒാവർടേക്കിംഗ് ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത്. നിങ്ങൾക്കരികിലൂടെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ പ്രധാനമായും മുന്നിലും വലതു വശത്തുമാകും. ഇ‌ടതു വശത്തു കൂടി പാഞ്ഞുകയറുന്നത് ഏതു നിമിഷവും അപകടത്തിനു കാരണമാവാം. അപകടമുണ്ടായാൽ നിയമപരിരക്ഷയും ലഭിക്കില്ല.