പാലാ : ജനറൽ ആശുപത്രിയിൽ അത്യാധുനിക ഡയാലിസിസ് യൂണിറ്റും, കാത്ത് ലാബും ഉടൻ തുടങ്ങുമെന്ന് ജനറൽ ആശുപഹത്രി സൂപ്രണ്ട് ഡോ. അഞ്ജു.സി.മാത്യുവും, ആർ.എം.ഒ ഡോ.അനീഷ്. കെ. ഭദ്രനും പറഞ്ഞു. ഉപകരണങ്ങളിൽ പലതും എത്തിയിട്ടുണ്ട്. ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണസദസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും.
30 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് പാവപ്പെട്ട രോഗികൾക്ക് അനുഗ്രഹമാകും. ഇതോടൊപ്പം ഹൃദ്രോഗ - കാൻസർ ചികിത്സയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. പുതുതായി നിർമിച്ച 7 നില മന്ദിരത്തിന്റെ ആദ്യ മൂന്നു നിലകളിലേക്ക് ഒ.പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമാകുന്ന മുഴുവൻ പേർക്കും ചികിത്സ സൗജന്യമാണ്. കാർഡുള്ളവർക്ക് സ്വകാര്യ ലാബുകളിൽ പരിശോധന വേണ്ടിവന്നാൽ അതിന്റെ തുകയും ജനറൽ ആശുപത്രിയിൽ നിന്ന് ലഭ്യമാക്കും.
നിസാര രോഗങ്ങൾക്ക് പോലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നതിനു പകരം മിക്കവരും ജനറൽ ആശുപത്രിയിലേക്ക് നേരിട്ട് എത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും പരമാവധി പേർക്ക് ദിവസവും ചികിത്സ ലഭ്യമാക്കുന്നുണ്ട്. പകർച്ചവ്യാധികളും, ജീവിതശൈലി രോഗങ്ങളും ഒരുമിച്ചു വരുന്നതാണ് ചികിത്സാരംഗത്തെ പുതിയ വെല്ലുവിളിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഇരുവരും മറുപടി പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ പൊതുജനാരോഗ്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു. നാഷണൽ ലൈബ്രറി പ്രസിഡന്റ് അഡ്വ.വി.ജി. വേണുഗോപാൽ അദ്ധ്യക്ഷതവഹിച്ചു. റോയി റോയിമാത്യൂ എലിപ്പുലിക്കാട്ട്, സോണി ജോണി, സനൽകുമാർ ചീങ്കല്ലേൽ, പി.എസ്. ശശിധരൻ നായർ പുലിതൂക്കിൽ, ആർ. സുനിൽ കുമാർ തുമ്പയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മേധാവികളുടെ വാക്കുകൾ
പുതിയ ആംബുലൻസ് അനുവദിച്ചു
ഐ.സി.യു സംവിധാനം ഉടൻ തയ്യാറാകും
അതീവ സങ്കീർണ ശസ്ത്രക്രിയകൾ നടത്തും
കാൻസർ രോഗികൾക്ക് കീമോ ചികിത്സ ആരംഭിച്ചു
റഫർ ചെയ്യുന്നത് അതീവഗുരുതരാവസ്ഥയിലുള്ളവരെ
എല്ലാവിധ മരുന്നുകളും ഇവിടെ ലഭ്യം
ജനറിക് മരുന്നുകൾ വാങ്ങാൻ തയ്യാറാകണം